
റഷ്യൻ മണ്ണിൽ യുക്രെയ്ന്റെ ആദ്യ ആക്രമണം; ഇന്ധന സംഭരണ കേന്ദ്രത്തിൽ മിസൈൽ വർഷിച്ച് ഹെലികോപ്ടറുകൾ -വിഡിയോ
text_fieldsകിയവ്: യുക്രെയ്ൻ സൈന്യം ആദ്യമായി റഷ്യൻ വ്യോമാതിർത്തി കടന്ന് ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഈ ആഴ്ച ആദ്യം പടിഞ്ഞാറൻ റഷ്യയിലെ ഇന്ധന സംഭരണ ഡിപ്പോയിലാണ് ആക്രമണം നടത്തിയത്. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
റഷ്യയിലെ ബെൽഗൊറോഡിലെ ഇന്ധന സംഭരണ ഡിപ്പോയിൽ ഹെലികോപ്റ്ററുകൾ മിസൈലുകൾ തൊടുത്തുവിടുന്നതും തുടർന്ന് സ്‌ഫോടനം നടക്കുന്നതും വിഡിയോകളിൽ കാണാം. എം.ഐ-24 ഹെലികോപ്റ്ററുകളാണ് ആക്രമണം നടത്തിയത്.
താഴ്ന്ന് പറക്കുന്ന ഹെലികോപ്ടറിൽനിന്ന് മിസൈലുകൾ തൊടുത്തുവിടുന്നത് ഡിപ്പോയിലെ സെക്യൂരിറ്റി കാമറയിൽ പതിഞ്ഞ ദൃശ്യത്തിലുണ്ട്. ഇതിന് പിന്നാലെയാണ് സ്ഫോടനം ഉണ്ടാകുന്നത്.
'രണ്ട് യുക്രേനിയൻ സൈനിക ഹെലികോപ്റ്ററുകൾ നടത്തിയ വ്യോമാക്രമണം കാരണം പെട്രോൾ ഡിപ്പോയിൽ തീപിടിത്തമുണ്ടായി. താഴ്ന്ന് പറന്നാണ് ഇവ റഷ്യൻ പ്രദേശത്തേക്ക് പ്രവേശിച്ചത്' - ബെൽഗൊറോഡ് റീജിയൻ ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് അറിയിച്ചു. തീപിടിത്തത്തിൽ സംഭരണശാലയിലെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ബെൽഗൊറോഡിലെ ഇന്ധന ഡിപ്പോയിലുണ്ടായ വൻ തീപിടിത്തത്തിന്റെ ഉത്തരവാദിത്തം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് യുക്രെയ്ൻ അറിയിച്ചു. യുക്രേനിയൻ നഗരമായ ഖാർകിവിൽനിന്ന് 80 കിലോമീറ്റർ അകലെയാണ് ബെൽഗൊറോഡ് സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
