യൂറോപ്പിന്റെ റഷ്യൻ എണ്ണവിലക്ക് അവസരമാക്കി ചൈന
text_fieldsബെയ്ജിങ്: യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽനിന്ന് യൂറോപ്പിലേക്ക് ഇന്ധനപ്രവാഹം നിലച്ചത് അവസരമാക്കി ചൈന. മുൻവർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് ചൈന റഷ്യൻ എണ്ണ ഇറക്കുമതി കൂട്ടിയത്. ഇതോടെ സൗദി അറേബ്യക്കു പകരം ചൈനക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന രാജ്യമായി റഷ്യ.
ചൈനീസ് സർക്കാർ കമ്പനികളായ സിനോപെക്, ഷെൻഹുവ ഓയിൽ എന്നിവയാണ് റഷ്യയുടെ എണ്ണ ഇറക്കുമതി കൂട്ടിയത്. യൂറോപ്പും യു.എസും റഷ്യയിൽനിന്ന് എണ്ണ വേണ്ടെന്ന തീരുമാനത്തിലെത്തിയതോടെ പുടിൻ ഭരണകൂടം വൻ വിലയിളവ് പ്രഖ്യാപിച്ചിരുന്നു. ഇത് ചൈന അവസരമാക്കുകയായിരുന്നു.
ഈസ്റ്റ് സൈബീരിയ പസഫിക് സമുദ്ര പൈപ്പ് ലൈൻ വഴിയും ചരക്കുകപ്പലുകളിലുമായാണ് ചൈനക്ക് റഷ്യൻ എണ്ണ എത്തുന്നത്. കഴിഞ്ഞ മാസം മാത്രം 84.2 ലക്ഷം ടൺ എണ്ണയാണ് ചൈന വാങ്ങിയത്. സൗദിയിൽനിന്ന് 78.2 ലക്ഷം ടണ്ണും. യു.എസും യു.കെയും റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായി വിലക്കിയിട്ടുണ്ട്.

