യുക്രെയ്ൻ സ്കൂളിൽ ബോംബുവർഷം; 60ലേറെ മരണം
text_fieldsകിയവ്: യുദ്ധത്തെ തുടർന്ന് വീട് നഷ്ടപ്പെട്ടവർ അഭയംതേടിയ യുക്രെയ്നിലെ സ്കൂൾ കെട്ടിടത്തിനു നേർക്കുണ്ടായ റഷ്യൻ ബോംബാക്രമണത്തിൽ 60ലേറെ പേർ കൊല്ലപ്പെട്ടു. കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് സ്കൂളിലാണ് ആക്രമണമുണ്ടായത്. കനത്ത ബോംബുവർഷത്തെ തുടർന്ന് കെട്ടിടത്തിന് തീപിടിച്ചു. അഗ്നിശമനസേന നാലു മണിക്കൂർ കിണഞ്ഞു ശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും കെട്ടിടം ഏതാണ്ട് പൂർണമായി തകർന്നടിഞ്ഞിരുന്നു. 30 പേരെ കെട്ടിടത്തിൽനിന്ന് രക്ഷപ്പെടുത്തി. രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. 60ലേറെ പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് നിഗമനമെന്ന് മേഖല ഗവർണർ സെർഹി ഹൈദി അറിയിച്ചു. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. ലുഹാൻസ്കിലെ ഷൈപിലാവോ ഗ്രാമത്തിൽ ഒരു വീടിനുനേരെയും റഷ്യൻ ബോംബിങ് ഉണ്ടായി.
11 പേരാണ് ഈ വീട്ടിലുണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. എല്ലാവരും മരിച്ചിട്ടുണ്ടാകുമെന്നാണ് അനുമാനം. ഡോൺബാസിനു സമീപ നഗരമായ പ്രിവിലിയയിൽ റഷ്യൻ ഷെല്ലിങ്ങിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു.
സ്കൂൾ കെട്ടിടത്തിനു നേർക്കുണ്ടായ ആക്രമണത്തെ യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അതിനിഷ്ഠുരമായ യുദ്ധക്കുറ്റമാണ് റഷ്യ ചെയ്തിരിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിലെ ദുരന്തം ആവർത്തിക്കാനാണ് റഷ്യയുടെ ശ്രമം -മന്ത്രാലയം ട്വീറ്റ് ചെയ്തു.
തുറമുഖനഗരമായ ഒഡേസക്കു നേരെയും റഷ്യൻ മിസൈലാക്രമണം ഉണ്ടായി. നാശനഷ്ടങ്ങൾ അറിവായിട്ടില്ല. അതിനിടെ, കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ യുദ്ധക്കപ്പലിനെ മുക്കിയെന്ന് യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർന്നത്. റഷ്യൻ ആക്രമണം കൊടുമ്പിരികൊള്ളുന്ന മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്കു പ്ലാന്റിൽനിന്ന് 300ലേറെ പേരെ രക്ഷിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു. 72 ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ.
തലസ്ഥാനമായ കിയവ് കീഴടക്കാനുള്ള ശ്രമങ്ങൾ വിജയിക്കാത്തതിനെ തുടർന്ന് ഏതാനും ആഴ്ചകളായി റഷ്യൻ സൈന്യം കിഴക്കൻ മേഖലക്കുനേരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച റഷ്യയുടെ വിജയദിനാഘോഷം നടക്കാനിരിക്കെ പരമാവധി നേട്ടമുണ്ടാക്കാനാണ് റഷ്യൻ സൈന്യത്തിന്റെ ശ്രമം. വിജയദിനത്തോടനുബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സുപ്രധാന പ്രഖ്യാപനം എന്തെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.