ചോരപ്പാടുകൾ ചവിട്ടി അവർ വീണ്ടും അക്ഷരമുറ്റത്തേക്ക്
text_fieldsഇർപിൻ: കുഞ്ഞുടുപ്പും കിനാക്കളുമായി യുക്രെയ്നിലെ വിദ്യാർഥികൾ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി. യുദ്ധം അവസാനിച്ചില്ലെങ്കിലും രാജ്യത്തെ പകുതിയിലേറെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം തുടങ്ങി.
ചോരപ്പാടുകൾ ചവിട്ടിയാണ് കുട്ടികൾ അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്നത്. സ്കൂളാകെ മാറിയിരിക്കുന്നു. ചില്ലുജനാലകൾക്കു പകരം കറുത്ത പോളിത്തീൻകൊണ്ട് മറച്ചിരിക്കുന്നു. പൊളിഞ്ഞുവീണ മേൽക്കൂരയിലൂടെ ഇരുണ്ട ആകാശം കാണാം. അഭയാർഥി ക്യാമ്പുകളാക്കിയിരുന്ന സ്കൂളുകളിൽ അതിന്റെ അവശിഷ്ടം കാണാം.
റഷ്യയുടെ ആറുമാസത്തെ യുക്രെയ്ൻ അധിനിവേശത്തിൽ കേടുപാട് സംഭവിച്ചത് 2400 സ്കൂളുകൾക്കാണ്. 269 എണ്ണം ബോംബാക്രമണത്തിൽ പൂർണമായി തകർന്നു. 379 കുട്ടികളെങ്കിലും റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് യുക്രെയ്ൻ ജനറൽ പ്രോസിക്യൂട്ടേഴ്സ് ഓഫിസ് പറയുന്നത്. 223 കുട്ടികളെ കാണാതായിട്ടുമുണ്ട്.
7013 യുക്രെയ്ൻ കുട്ടികൾക്ക് വീടുവിട്ട് റഷ്യയിലേക്കും മറ്റ് അയൽരാജ്യങ്ങളിലേക്കും അഭയാർഥികളായി പോകേണ്ടിവന്നു. ആയിരക്കണക്കിന് കുട്ടികൾക്ക് വീടുവിടേണ്ടിവന്നു. ആക്രമണം ശക്തമല്ലാത്ത ഭാഗങ്ങളിലേക്ക് മാറിത്താമസിച്ച രക്ഷിതാക്കൾക്കൊപ്പം ഇറങ്ങിത്തിരിച്ച കുട്ടികൾ ഉപേക്ഷിച്ചുപോയത് നിറമുള്ള ഭൂതകാല ഓർമകൾകൂടിയാണ്. റഷ്യൻ, ബെലറൂസ് അതിർത്തി ഭാഗത്തെയും സൈനിക നടപടികൾക്കു സമീപത്തെയും സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാനാണ് തീരുമാനം.
കുറെക്കാലം ഓൺലൈൻ ക്ലാസുകൾ ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്ക് മുടങ്ങുമായിരുന്നു. ബോംബ് വീഴുന്നതിന് മുന്നോടിയായി മുഴങ്ങിയിരുന്ന സൈറൺ കേൾക്കുമ്പോൾ കുട്ടികളും ബങ്കറുകളിൽ ഒളിക്കും. ഭാഗ്യത്തിന് തിരിച്ചുകിട്ടിയ ജീവനുമായി തലപൊക്കുമ്പോൾ അറിയാം അത് വേറെ എവിടെയോ വീണ് പൊട്ടിയിട്ടുണ്ടെന്ന്.
ആരുടെയോ ജീവൻ എടുത്തിരിക്കാമെന്ന്. ആഴ്ചകൾ ബേസ്മെന്റിൽ ഇടുങ്ങി ഭയന്ന് കഴിച്ചുകൂട്ടിയത് കുട്ടികളുടെ മാനസികാരോഗ്യത്തെ വരെ ബാധിച്ചുതുടങ്ങിയിരുന്നു. ലോകമെങ്ങുമുള്ള സമാധാന പ്രേമികൾ ചോദിക്കുന്നത് ഇതാണ്: ''ഈ കുഞ്ഞുമക്കളെ ഓർത്തെങ്കിലും യുദ്ധമൊന്ന് അവസാനിപ്പിക്കാമോ?''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

