റഷ്യൻ പവർ സ്റ്റേഷൻ ആക്രമിച്ച് യുക്രെയ്ൻ
text_fieldsമോസ്കോ: റഷ്യക്കുള്ളിലെ ഒരു പവർ സ്റ്റേഷനിൽ ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണം നടത്തി. ഇത് വലിയൊരു തീപിടിത്തത്തിന് കാരണമാവുകയും ആയിരക്കണക്കിന് ആളുകൾക്ക് താപോർജം തടസ്സപ്പെടുത്തുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മാരകമായ യൂറോപ്യൻ സംഘർഷത്തിന്റെ നാലാംവർഷത്തിൽ, റഷ്യ- യുക്രെയ്ൻ യുദ്ധം നിർത്താൻ യു.എസിന്റെ മധ്യസ്ഥതയിൽ ശ്രമങ്ങൾ തുടരവെയാണ് പുതിയ ആക്രമണം.
റഷ്യ യുക്രെയ്‌നിന്റെ വൈദ്യുതി-താപ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്നതിനിടെയാണ് ഈ പ്രത്യാക്രമണം. റഷ്യയുടെ എണ്ണ ശുദ്ധീകരണശാലകൾ, ക്രൂഡ് ടെർമിനലുകൾ, പൈപ്പ്‌ലൈനുകൾ എന്നിവ തകർക്കാൻ യുക്രെയ്ൻ ഉന്നമിടുന്നുണ്ട്.
ഞായറാഴ്ച പുലർച്ചെ ക്രെംലിനിൽ നിന്ന് 120 കിലോമീറ്റർ കിഴക്കുള്ള ഷതുറ പവർ സ്റ്റേഷനിൽ യുക്രേനിയൻ ഡ്രോണുകൾ ആക്രമണം നടത്തിയതായി മോസ്കോ മേഖല ഗവർണർ ആൻഡ്രി വോറോബിയോവ് പറഞ്ഞു. പവർ സ്റ്റേഷനിലെ മൂന്ന് ട്രാൻസ്‌ഫോർമറുകൾക്ക് തീപിടിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, യുക്രെയ്നിൽ നിന്ന് ഇത് സംബനധിച്ച് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
റഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഒന്നായ ഷാതുറ പവർ സ്റ്റേഷൻ ആണ് ആക്രമിക്കപ്പെട്ടത്. ബോൾഷെവിക് വിപ്ലവത്തിനുശേഷം വ്‌ളാഡിമിർ ലെനിന്റെ കീഴിൽ സ്ഥാപിതമായ ഇത് ഇപ്പോൾ പ്രധാനമായും പ്രകൃതി വാതകമാണ് ഉപയോഗിക്കുന്നത്.
അതിനിടെ, ഞായറാഴ്ച 75 ഉക്രേനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിൽ 36 എണ്ണം കരിങ്കടലിന് മുകളിലും നിരവധി എണ്ണം മോസ്കോ മേഖലക്കു മുകളിലുമായാണ് തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

