അമേരിക്കയുമായി കരാർ ഒപ്പിടാൻ തയാറെന്ന് സെലൻസ്കി; ‘റഷ്യ മടങ്ങിവരില്ലെന്ന് ഉറപ്പ് കിട്ടാതെ യുദ്ധം നിർത്തില്ല’
text_fieldsകീയവ്: യുക്രെയിനിലെ അപൂർവ ധാതുവിഭവങ്ങളുടെ അവകാശം അമേരിക്കക്ക് കൈമാറുന്ന കരാറിൽ ഒപ്പിടാൻ തയാറാണെന്ന് പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി. എക്സിലൂടെയാണ് സെലൻസ്കി നിലപാട് വ്യക്തമാക്കിയത്.
സുരക്ഷ ഉറപ്പാക്കുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്. എന്നാൽ ഇത് പോരാ, ഇതിലും കൂടുതൽ ഞങ്ങൾക്ക് ആവശ്യമാണ്. സുരക്ഷാ ഉറപ്പുകളില്ലാത്ത വെടിനിർത്തൽ യുക്രെയ്ന് അപകടകരമാണ്. ഞങ്ങൾ മൂന്ന് വർഷമായി പോരാടുകയാണ്. അമേരിക്ക ഞങ്ങളുടെ പക്ഷത്താണോയെന്ന് യുക്രെയ്ൻ ജനങ്ങൾക്ക് അറിയേണ്ടതുണ്ട് -സെലൻസ്കി വ്യക്തമാക്കി.
റഷ്യയോടുള്ള യുക്രെയ്ന്‍റെ നിലപാട് മാറ്റാൻ എനിക്ക് സാധിക്കില്ല. റഷ്യക്കാർ ഞങ്ങളെ കൊല്ലുന്നു. റഷ്യ ശത്രുവാണെന്ന് നമ്മൾ അഭിമുഖീകരിക്കുന്ന യാഥാർഥ്യമാണ്. യുക്രെയ്ൻ സമാധാനം ആഗ്രഹിക്കുന്നു. പക്ഷെ, അത് നീതിയും ശാശ്വതവുമായ സമാധാനമായിരിക്കണം. അതിനായി ചർച്ചാമേശയിൽ ശക്തരാകണം. നമുക്ക് സുരക്ഷ ഉറപ്പാണെന്നും നമ്മുടെ സൈന്യം ശക്തമാണെന്നും നമ്മുടെ പങ്കാളികൾ ഒപ്പമുണ്ടെന്നും അറിയുമ്പോൾ മാത്രമേ സമാധാനം ഉണ്ടാകൂ.
ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അമേരിക്കയിൽ വന്നതും പ്രസിഡന്‍റ് ട്രംപിനെ കണ്ടതും. ധാതുക്കളുടെ ഇടപാട് സുരക്ഷാ ഉറപ്പ് നൽകുന്നതിനും സമാധാനത്തിലേക്ക് അടുക്കുന്നതിനുമുള്ള ആദ്യപടി മാത്രമാണ്. ഞങ്ങളുടെ സാഹചര്യം കഠിനമാണ്. റഷ്യ മടങ്ങിവരില്ലെന്ന് ഉറപ്പ് കിട്ടാതെ യുദ്ധം നിർത്താൻ കഴിയില്ല. -സെലൻസ്കി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

