യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് ഇന്ന് തുടക്കം; യു.എസ്-റഷ്യ ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഊന്നൽ
text_fieldsമോസ്കോ: യു.എസ്-റഷ്യൻ ഉദ്യോഗസ്ഥർ തമ്മിലുള്ള യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് റിയാദിൽ ചൊവ്വാഴ്ച തുടക്കം കുറിക്കും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ചക്ക് വേദിയൊരുക്കുകകൂടിയാണ് ചർച്ചയുടെ ലക്ഷ്യം.
വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും വിദേശകാര്യ ഉപദേഷ്ടാവ് യൂറി ഉഷക്കോവുമാണ് റഷ്യൻ പ്രതിനിധികളായി ചർച്ചയിൽ പങ്കെടുക്കുകയെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. യു.എസ്-റഷ്യ ബന്ധം പുനഃസ്ഥാപിക്കുന്നതിലായിരിക്കും ചർച്ച കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയാണ് യു.എസ് പ്രതിനിധി സംഘത്തെ നയിക്കുക. ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക് വാറ്റ്സ്, പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ചർച്ചയിൽ പങ്കെടുക്കും.
യുക്രെയ്നും ചർച്ചയുടെ ഭാഗമാകുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും വിശദീകരിച്ചിട്ടില്ല. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് വഷളായ യു.എസ്-റഷ്യ ബന്ധത്തിലെ പുതിയ വഴിത്തിരിവാണ് ചർച്ച. കഴിഞ്ഞ ആഴ്ച ട്രംപ് ഫോണിൽ പുടിനുമായി സംസാരിച്ചതോടെയാണ് യു.എസ് നയംമാറ്റത്തിന് അവസരമൊരുങ്ങിയത്.
യുക്രെയ്നെ ഒഴിവാക്കിയുള്ള തീരുമാനം അംഗീകരിക്കില്ല –സെലൻസ്കി
കിയവ്: റിയാദിൽ നടക്കുന്ന യു.എസ്–റഷ്യ ചർച്ചകളിൽ പങ്കെടുക്കില്ലെന്നും യുക്രെയ്നെ ഒഴിവാക്കിയുള്ള ചർച്ചകളുടെ തീരുമാനം അംഗീകരിക്കില്ലെന്നും പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. യു.എ.ഇയിൽനിന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
സൗദി അറേബ്യയിൽ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ചർച്ചയിലേക്ക് തന്റെ സർക്കാറിനെ ക്ഷണിച്ചിട്ടില്ലെന്നും സെലൻസ്കി വിശദീകരിച്ചു. യുക്രെയ്ൻ പ്രാതിനിധ്യമില്ലത്തതിനാൽ ചർച്ചകൊണ്ട് പ്രയോജനമില്ല. തിങ്കളാഴ്ച തുർക്കിയിലേക്കും ബുധനാഴ്ച സൗദി അറേബ്യയിലേക്കും പോകും. സൗദി അറേബ്യ സന്ദർശനത്തിന് ചൊവ്വാഴ്ച അവിടെ നടക്കുന്ന യു.എസ്–റഷ്യ ചർച്ചയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

