റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു?; നേരിട്ടുള്ള ചർച്ചക്ക് ട്രംപും സെലൻസ്കിയും
text_fieldsകീവ്: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് വിരാമമാവുന്നുവെന്ന സൂചന നൽകി, സമാധാന കരാറിന്റെ അടുത്ത ഘട്ട ചർച്ച ഡോണൾഡ് ട്രംപും വ്ലാദിമിർ സെലെൻസ്‌കിയും തമ്മിൽ നടക്കുമെന്ന് റിപ്പോർട്ട്. നേരിട്ടുള്ള ചർച്ചകൾ ഈ ആഴ്ച ആരംഭിച്ചേക്കുമെന്നും ഇതിനായി സെലെൻസ്‌കി വാഷിങ്ടൺ ഡി.സിയിലേക്ക് തിരിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
അതിനിടെ, ജനീവയിൽ നടന്ന നീണ്ടതും തിരക്കിട്ടതുമായ ചർച്ചകൾക്കിടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ ‘19 ഇന പദ്ധതി’യിൽ യു.എസിന്റെയും യുക്രെയ്‌നിന്റെയും ഉദ്യോഗസ്ഥർ തമ്മിൽ ധാരണയായി. എന്നാൽ, രാഷ്ട്രീയമായി ഏറ്റവും സെൻസിറ്റീവ് ആയ തീരുമാനങ്ങൾ രാജ്യങ്ങളുടെ പ്രസിഡന്റുമാർ നേരിട്ടുള്ള ചർച്ചകളിൽ തീരുമാനിക്കും.
ഭൂമി കൈമാറ്റ വിഷയവും യു.എസ്, നാറ്റോ, റഷ്യ എന്നിവ തമ്മിലുള്ള പുതിയ സുരക്ഷാ ബന്ധങ്ങളുമാണ് പ്രധാന തർക്ക വിഷയങ്ങൾ. യു.എസും റഷ്യൻ ഉദ്യോഗസ്ഥരും വികസിപ്പിച്ച 28 പോയിന്റ് സമാധാന പദ്ധതിയുടെ വിശദാംശങ്ങൾ ചോർന്നതിനെത്തുടർന്ന് യു.എസ്- യുക്രെയ്ൻ ഉന്നത ഉദ്യോഗസ്ഥർ സ്വിറ്റ്‌സർലൻഡിൽ അടിയന്തര ചർച്ചകൾക്കായി യോഗം ചേർന്നിരുന്നു.
യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് നയതന്ത്ര ശ്രമങ്ങൾ ആരംഭിച്ചതിനുശേഷം നടന്ന ഏറ്റവും മികച്ച കൂടിക്കാഴ്ച എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചർച്ചകളെ പ്രശംസിച്ചു. ട്രംപിനും സെലെൻസ്‌കിക്കും മുന്നിൽ അവതരിപ്പിക്കേണ്ട പുതിയ 19 പോയിന്റുകൾ ചർച്ചകളുടെ ഭാഗമായി രൂപപ്പെടുത്തി. ചർച്ചകളിൽ സുപ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്ക് കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും സെലെൻസ്‌കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികളുടെ പട്ടികയിൽ ജനീവക്കുശേഷം ഇപ്പോൾ കുറച്ച് പോയിന്റുകൾ മാത്രമേയുള്ളൂവെന്നും ഈ ചട്ടക്കൂടിൽ ശരിയായ ഘടകങ്ങൾ പലതും കണക്കിലെടുക്കപ്പെട്ടിട്ടുണ്ടെന്നും സെലൻസ്കി പറഞ്ഞു. ‘രേഖ അന്തിമമാക്കുന്നതിന് നമുക്കെല്ലാവർക്കും ഒരുമിച്ച് ചെയ്യേണ്ട ജോലി ഇപ്പോഴും ഉണ്ട്. അത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. നമ്മൾ എല്ലാവരും അത് അന്തസ്സോടെ നടപ്പാക്കണം. ലോകത്തിലെ ഭൂരിഭാഗവും നമ്മെ സഹായിക്കാൻ തയ്യാറാണെന്നും അമേരിക്കൻ പക്ഷം ഇതിനെ ക്രിയാത്മകമായി സമീപിക്കുന്നുവെന്നും’ സെലൻസ്കി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

