'ആയുധപ്പുരയിലേക്ക് തീക്കൊള്ളി എറിയരുത്'; യുക്രെയ്ൻ നാറ്റോയിൽ അംഗമായാൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി
text_fieldsവിക്ടർ ഓർബാൻ
ബുഡാപെസ്റ്റ്: സൈനിക സഖ്യമായ നാറ്റോയിൽ യുക്രെയ്ൻ ചേർന്നാൽ അതിനർത്ഥം മൂന്നാം ലോകമഹായുദ്ധം നടക്കാൻ പോവുകയെന്നാണെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാൻ. യൂറോപ്യൻ യൂണിയന്‍റെ അനാവശ്യ തിടുക്കം യൂറോപ്പിന്‍റെ ഹൃദയത്തിൽ യുദ്ധമുഖം തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 32 രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗമാണ് ഹംഗറി.
'യുക്രെയ്നെ നാറ്റോയിൽ അംഗമാക്കുകയാണെങ്കിൽ അതിന് അർത്ഥം റഷ്യയുമായി നാറ്റോയുടെ യുദ്ധമാണെന്നാണ്. മൂന്നാം ലോകമഹായുദ്ധമാണ് തൊട്ടടുത്ത ദിവസം ആരംഭിക്കുക. യൂറോപ്യൻ യൂണിയന്‍റെ അനാവശ്യ തിടുക്കം യൂറോപ്പിന്‍റെ ഹൃദയത്തിൽ യുദ്ധമുഖം തുറക്കുകയാണ്. ഇത് നയതന്ത്രമല്ല, വകതിരിവില്ലായ്മയാണ്. ആയുധപ്പുരയിലേക്ക് തീക്കൊള്ളി എറിയരുത്. യൂറോപ്പിനെ ഒരു യുദ്ധക്കളമാക്കി മാറ്റാൻ അവരെ ഞങ്ങൾ അനുവദിക്കില്ല' -വിക്ടർ ഓർബാൻ പറഞ്ഞു.
നാറ്റോയിൽ യുക്രെയ്നെ അംഗമാക്കാൻ പ്രസിഡന്‍റ് വ്ലാദ്മിർ സെലൻസ്കി സമ്മർദം തുടരുന്നതിനിടെയാണ് അംഗരാജ്യത്തിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരിക്കുന്നത്. യുക്രെയ്ൻ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, ജോർജിയ എന്നീ രാജ്യങ്ങളാണ് നാറ്റോയിൽ അംഗത്വത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്.
അമേരിക്കയും യൂറോപ്പിലെ മറ്റ് പ്രബല കക്ഷികളും നേതൃത്വം നൽകുന്ന നാറ്റോയില്‍ യുക്രെയ്ൻ അംഗമാകുന്നതിനെ റഷ്യ എക്കാലവും എതിർക്കുകയാണ്. അംഗത്വനീക്കവുമായി യുക്രെയ്ൻ മുന്നോട്ടുപോകുന്നതിനിടെയാണ് 2022ൽ റഷ്യ യുക്രെയ്നിൽ യുദ്ധം ആരംഭിച്ചത്. തന്ത്രപ്രധാന മേഖലയിലുള്ള അയൽരാജ്യമായ യുക്രെയ്ന്‍ നാറ്റോയിൽ അംഗമാകുന്നത് തങ്ങളുടെ ദേശീയ സുരക്ഷക്ക് കനത്ത ഭീഷണിയാണെന്നാണ് റഷ്യൻ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

