വാഷിങ്ടൺ: യുക്രെയ്നെ നാറ്റോ സഖ്യത്തിൽ നിന്നും വിലക്കണമെന്ന റഷ്യൻ ആവശ്യം നിരസിച്ച് യു.എസ്. യുക്രെയ്ൻ പ്രതിസന്ധി അവസാനിപ്പിക്കാൻ റഷ്യ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൺ ഔദ്യോഗികമായി മറുപടി നൽകി. റഷ്യക്കായി ഒരു ഇളവും ഉണ്ടാവില്ലെന്നും പ്രശ്നം പരിഹരിക്കാൻ അവർക്ക് മുന്നിൽ നയതന്ത്ര വഴി തുറന്നിടുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, യു.എസ് മറുപടി പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നാണ് റഷ്യയുടെ നിലപാട്. യുക്രെയ്ൻ വിഷയത്തിൽ തങ്ങളുടെ ആശങ്കകൾ റഷ്യ യു.എസുമായി പങ്കുവെച്ചിരുന്നു. ഇതിൽ നാറ്റോയുടെ സൈനിക സഖ്യത്തിെൻറ വിപുലീകരണം ഉൾപ്പടെയുള്ള ആശങ്കകൾ റഷ്യ പങ്കിട്ടിരുന്നു.
യുക്രെയ്നും മറ്റു പല രാജ്യങ്ങളും എപ്പോഴെങ്കിലും സഖ്യത്തിൽ ചേരാനുള്ള സാധ്യത തള്ളക്കളയണമെന്നും നാറ്റോയോട് റഷ്യ ആവശ്യപ്പെട്ടിരുന്നു.എന്നാൽ, യുക്രെയ്നിെൻറ പരമാധികാരം സംരക്ഷിക്കുക എന്നതിനാണ് യു.എസ് പ്രാധാന്യം നൽകുന്നതെന്നായിരുന്നു ഇതിന് ആൻറണി ബ്ലിങ്കെൻറ മറുപടി. നാറ്റോ പോലുള്ള സുരക്ഷാ സഖ്യങ്ങളിൽ ചേരാനുള്ള യുക്രെയ്ൻ അവകാശത്തേയും യു.എസ് സംരക്ഷിക്കുമെന്ന് അദ്ദേഹം മറുപടി നൽകിയിരുന്നു. യുക്രെയ്നെതിരെ റഷ്യ നീങ്ങിയാൽ ശക്തമായ ഭാഷയിൽ മറുപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ യുക്രെയ്ൻ അതിർത്തിയിൽ റഷ്യ സൈനികരുടെ എണ്ണം വർധിപ്പിച്ചിരുന്നു. ഇതിനെ അധിനിവേശത്തിെൻറ മുന്നൊരുക്കമായാണ് പാശ്ചാത്യലോകം കണ്ടത്. എന്നാൽ, ഇത്തരം ആരോപണങ്ങൾ റഷ്യ നിരസിക്കുകയാണ് ഉണ്ടായത്.