യുക്രെയ്ൻ പ്രതിസന്ധിയിൽ സ്വരം കടുപ്പിച്ച് യു.എസ്; ആക്രമണത്തിന് റഷ്യ തുനിഞ്ഞാൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്ന് മുന്നറിയിപ്പ്
text_fieldsജനറൽ മാർക് മില്ലി
വാഷിങ്ടൺ ഡി.സി: യുക്രെയ്ൻ അതിർത്തികളിൽ റഷ്യ വൻതോതിലുള്ള സൈനിക വിന്യാസം തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് യു.എസ്. റഷ്യ യുക്രെയ്നെ ആക്രമിക്കുകയാണെങ്കിൽ കാര്യങ്ങൾ ഭീകരമായിരിക്കുമെന്നും വൻ നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നും യു.എസ് ഉന്നത സൈനിക മേധാവി ജനറൽ മാർക് മില്ലി മുന്നറിയിപ്പ് നൽകി. ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനികവിന്യാസമാണ് യുക്രെയ്ൻ അതിർത്തിയിൽ റഷ്യ നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തോളം സൈനികരെ റഷ്യ അതിർത്തിയിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ.
അതസമയം, നയതന്ത്ര നീക്കത്തിലൂടെ പ്രതിസന്ധി പരിഹരിക്കാൻ ഇനിയും സമയമുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. എന്നാൽ, യുക്രെയിനെ ആക്രമിക്കാൻ പദ്ധതിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന റഷ്യ, യു.എസ് യുക്രെയ്ന് നൽകുന്ന പിന്തുണ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.
റഷ്യ-യുക്രെയ്ൻ വിഷയം യുദ്ധത്തിലേക്ക് നയിക്കുമോയെന്ന് ലോകം ആശങ്കയോടെ നിരീക്ഷിക്കെ, വിഷയത്തിൽ പ്രതികരിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി രംഗത്തെത്തിയിരുന്നു. പടിഞ്ഞാറൻ ലോകം യുക്രെയ്ൻ വിഷയത്തിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭ്യർഥന. റഷ്യൻ അധിനിവേശമുണ്ടാവുമെന്ന നിരന്തര മുന്നറിയിപ്പുകൾ യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥയെ അപകടത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരിയിൽ റഷ്യ ആക്രമിച്ചേക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്ന് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ വീണ്ടും യുക്രെയ്നിൽ അധിനിവേശം നടത്തിയാൽ യു.എസും നാറ്റോയടക്കമുള്ള സഖ്യരാജ്യങ്ങളും ശക്തമായി പ്രതികരിക്കുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയൊരു യുദ്ധത്തിലേക്കാണോ ലോകം നീങ്ങുന്നതെന്ന ആശങ്കയുയർത്തിയത്.
2014ൽ യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യ, രാജ്യത്തിന്റെ തെക്കൻ മേഖലയായ ക്രിമിയ ഉപദ്വീപ് കീഴടക്കിയിരുന്നു. പഴയ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന യുക്രെയ്നിൽ വീണ്ടും അധിനിവേശത്തിന് റഷ്യ ഒരുങ്ങുകയാണെന്നാണ് വിലയിരുത്തലുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

