യുക്രെയ്ൻ വെടിനിർത്തൽ: വിറ്റ്കോഫ് റഷ്യയിലേക്ക്
text_fieldsവാഷിങ്ടൺ: യുക്രെയ്ൻ വെടിനിർത്തലിനായി സമർപ്പിക്കപ്പെട്ട നിർദേശങ്ങൾ ചർച്ച ചെയ്യാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിലേക്ക്.
നാലുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യക്കും യുക്രെയ്നുമിടയിൽ സുപ്രധാന വിഷയങ്ങളിൽ തർക്കം പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നതിനിടെയാണ് വിറ്റ്കോഫ് റഷ്യയിലെത്തുന്നത്. കരാർ പൂർത്തിയാക്കി യുദ്ധവിരാമ പ്രഖ്യാപനത്തിന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർക്കൊപ്പം താനുമുണ്ടാകുമെന്ന് ട്രംപ് സമൂഹ മാധ്യമത്തിൽ കുറിച്ചു.
അതേസമയം, കരാറിലെ ചില നിർദേശങ്ങൾ പ്രസിഡന്റ് തലത്തിൽ തന്നെ തീരുമാനിക്കേണ്ടതുണ്ടെന്ന് സെലൻസ്കി പ്രതികരിച്ചു. ഈ ചർച്ചക്ക് നേരിട്ടെത്തുന്നതിന് പകരം സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോളിനെ അയക്കാനാണ് ട്രംപിന്റെ തീരുമാനം.
ജനീവയിൽ നേരത്തെ നടന്ന ചർച്ചകളിലാണ് വെടിനിർത്തലിന്റെ കരടിന് രൂപം നൽകിയിരുന്നത്. ഇത് റഷ്യ അംഗീകരിക്കുമെന്ന് വ്യക്തമല്ല. അലാസ്കയിൽ ട്രംപ്-പുടിൻ ഉച്ചകോടിയിലെ ധാരണപ്രകാരമുള്ള വ്യവസ്ഥകളേ അംഗീകരിക്കൂ എന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

