റഷ്യൻ എണ്ണ സംഭരണശാല ആക്രമിച്ച് യുക്രെയ്ൻ; കരിങ്കടൽ തീരത്തെ വീടുകൾ തകർത്ത് റഷ്യൻ തിരിച്ചടി
text_fieldsമൈക്കോലൈവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ വീടുകൾ കത്തുന്നു
കീവ്: റഷ്യയിലെ സോച്ചിയിലെ റിസോർട്ടിന് സമീപമുള്ള എണ്ണ സംഭരണശാലയിലുണ്ടായ വൻ തീപിടുത്തത്തിന് കാരണം യുക്രേനിയൻ ഡ്രോൺ ആക്രമണമാണെന്ന് റഷ്യൻ അധികൃതർ ആരോപിച്ചു. ഇതെത്തുടർന്ന് സോച്ചിയുടെ അടുത്തുള്ള വിമാനത്താവളത്തിലെ സർവിസുകൾ നിർത്തിവച്ചു. ഡ്രോൺ അവശിഷ്ടങ്ങൾ ഒരു ഇന്ധന ടാങ്കിൽ പതിച്ചതായും 130തോളം അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് തീ അണക്കുന്നുണ്ടെന്നും ക്രാസ്നോഡർ മേഖല ഗവർണർ പറഞ്ഞു.
അതേസമയം, യുക്രെയ്നിന്റെ തെക്കൻ നഗരമായ മൈക്കോലൈവിൽ റഷ്യ മിസൈൽ, ഷെൽ ആക്രമണത്തിലൂടെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യൻ സൈന്യത്തിന്റെ ആവർത്തിച്ചുള്ള ഷെല്ലാക്രമണത്തിൽ നഗരത്തിൽ ഏഴു സാധാരണക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
സോച്ചി റിഫൈനറിയിൽ ഉണ്ടായത് യുക്രെയ്ൻ നടത്തിയ നിരവധി ഡ്രോൺ ആക്രമണങ്ങളിൽ വലിയ ഒന്നാണെന്ന് റഷ്യൻ അധികൃതർ പറഞ്ഞു. ഒരു ഡ്രോൺ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റതായി വൊറോനെഷ് ഗവർണർ പറഞ്ഞു. റഷ്യയുടെ പ്രതിരോധ മന്ത്രാലയം രാത്രിയിൽ 93 യുക്രേനിയൻ ഡ്രോണുകളെ തടഞ്ഞു. അതിൽ 60 എണ്ണം കരിങ്കടൽ മേഖലക്ക് മുകളിലായിരുന്നുവെന്ന് അറിയിച്ചു.
റഷ്യ 83 ഡ്രോണുകൾ രാത്രിയിൽ പ്രയോഗിച്ചതായും അതിൽ 61 എണ്ണം വെടിവെച്ചതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. 16 ഡ്രോണുകളും ആറു മിസൈലുകളും എട്ട് സ്ഥലങ്ങളിലെ ലക്ഷ്യങ്ങളിൽ പതിച്ചെന്നും അതിൽ കൂട്ടിച്ചേർത്തു.
യുക്രെയ്ൻ തലസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെട്ടിരുന്നു. പുതിയ ആക്രമണത്തിൽ 300ലധികം ഡ്രോണുകളും എട്ട് ക്രൂയിസ് മിസൈലുകളും വിക്ഷേപിച്ചതായി യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. 2022 ഫെബ്രുവരിയിൽ റഷ്യ പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം തലസ്ഥാനത്ത് നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിത്.
ആക്രമണങ്ങളെത്തുടർന്ന് യുക്രേനിയൻ പ്രസിഡന്റ് േവ്ലാദിമർ സെലെൻസ്‌കി ഈ ആഴ്ച റഷ്യക്കെതിരെ കൂടുതൽ ശക്തമായ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യുക്രെയ്‌നിലെ റഷ്യയുടെ നടപടികളെ അപലപിക്കുകയും മോസ്കോക്കെതിരെ പുതിയ ഉപരോധങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ പുടിന് 50 ദിവസമുണ്ടെന്നും അല്ലാത്തപക്ഷം റഷ്യൻ എണ്ണയും മറ്റ് കയറ്റുമതികളും ലക്ഷ്യമിട്ട് കടുത്ത തീരുവകൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

