ആയുധമണിഞ്ഞ് യുക്രെയ്ൻ; പ്രതിരോധം, ആശങ്ക
text_fieldsസൈറണുകൾ നിലക്കാത്ത തുടർ സ്ഫോടനങ്ങളിൽ വിറകൊള്ളുന്ന കിയവിൽ തോക്കും കൈയിലേന്തി റഷ്യക്കെതിരെ പടനയിക്കുകയാണ് ഓരോ യുക്രെയ്ൻകാരനും. 18നും 60 വയസ്സിനുമിടയിലുള്ള എല്ലാവരും സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ ആയുധമേന്തണമെന്ന പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ആഹ്വാനമനുസരിച്ചാണ് പൗരന്മാർ തെരുവിലിറങ്ങിയത്. പലരും ജീവിതത്തിൽ ആദ്യമായാണ് തോക്ക് കൈയിലെടുക്കുന്നത്. സൈനിക പരിശീലനത്തിന്റെ ഏഴയലത്തുകൂടി പോലും കടന്നുപോയിട്ടില്ലാത്തവർ. യുദ്ധഭൂമിയായി മാറിയ തലസ്ഥാന നഗരത്തിന്റെ മുക്കിലും മൂലയിലും പാലങ്ങൾക്കടിയിലും യുക്രെയ്ൻ സൈനികർ പതിയിരിക്കുന്നുണ്ട്. സായുധ വാഹനങ്ങളും ടാങ്കുകളും ശത്രുവിനെ ഏതുസമയവും പ്രതീക്ഷിച്ച് തലങ്ങും വിലങ്ങും പായുകയാണ്. കിയവിലെ നടപ്പാലത്തിന് സമീപം നിലയുറപ്പിച്ച 21കാരനായ സെർജി പെട്രോഷെങ്കോ ആകെ നിരാശനാണ്. സുമി മേഖലയിലുള്ള വീട്ടിലെ കുടുംബത്തെക്കുറിച്ച ചിന്തകളാണ് സെർജിയുടെ മനസ്സിനെ നുറുക്കുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ മറ്റൊന്നും വകവെക്കാതെ തെരുവിൽ ഇറങ്ങിയിരിക്കുകയാണ് സെർജി. 'മാതാപിതാക്കളെ വിളിച്ചിരുന്നു. അവർ ഭയന്നിരിക്കുകയാണ്. റഷ്യക്കാർ ഗ്രാമത്തിലുണ്ട്. അവർക്ക് ടാങ്കുകളും ഭീമൻ വാഹനങ്ങളുമുണ്ട്. എങ്കിലും അവർ സുരക്ഷിതരായിരിക്കുമെന്നാണ് പ്രതീക്ഷ' സെർജി നിശ്വാസമുതിർക്കുന്നു.
ഭീതി, പലായനം
എങ്ങനെയും നാടുവിടാൻ പോളണ്ട് അതിർത്തിയിലേക്ക് ആളുകൾ ഒഴുകുകയാണ്. നഗരത്തിന് പുറത്തേക്ക് വഴി കണ്ടെത്താൻ പറ്റാത്തവർ താൽക്കാലിക സുരക്ഷിത താവളം തേടി പായുകയാണ്. ഭൂമിക്കടിയിലെ നിരവധി നിലകളുള്ള ഒരു ബോംബ് ഷെൽട്ടറിലിരുന്നാണ് ഇതെഴുതുന്നതെന്ന് ബി.ബി.സിയുടെ റഷ്യൻ വിദേശകാര്യ ലേഖിക സാറ എലിസബത്ത് റെയിൻസ്ഫോർഡ് പറയുന്നു. ഒരു കൂട്ടം ആളുകളും നാല് നായ്ക്കളും ഒരു വളർത്തുമുയലും കൂട്ടിനുണ്ട്.
അർധരാത്രി കഴിഞ്ഞയുടൻ ഹോട്ടൽ ജീവനക്കാർ വാതിലുകളിൽ തട്ടിവിളിച്ച് അതിവേഗത്തിൽ ഞങ്ങളെ പടികൾ ഇറക്കി ഒളിപ്പിക്കുകയായിരുന്നു. റഷ്യൻ പാരാട്രൂപ്പർമാർ ഇറങ്ങുന്നതായ അഭ്യൂഹമുണ്ട്. അതിൽ അതിശയമില്ല; എല്ലാവരും ഇവിടെ ഭീതിയുടെ മുൾമുനയിലാണ്.
റോഡരികിലെ കൂറ്റൻ അപ്പാർട്മെന്റ് ബ്ലോക്കിലുള്ള ഹന്ന സിവയുടെ കുടുംബം യുക്രെയ്ൻ ദുരിതത്തിന്റെ ഇരകളാണ്. രണ്ട് ദിവസം മുമ്പ് റഷ്യൻ അധിനിവേശം ആരംഭിച്ചപ്പോൾ സോഫക്ക് പിന്നിൽ സുരക്ഷിതമായി ഉറങ്ങാൻ അവൾ മുഴുവൻ കുടുംബത്തെയും സ്വീകരണമുറിയിലേക്ക് മാറ്റിയിരുന്നു. എല്ലാവരെയും പോലെ ഭർത്താവ് തോക്ക് പുറത്തെടുത്തു. അത് ജനാലക്കരികിൽ കളിപ്പാട്ടങ്ങൾക്കരികിൽ ഇപ്പോഴുമുണ്ട്. രണ്ട് കുട്ടികളുടെ അമ്മയായ അവർ കുട്ടികളെ വിഷമിപ്പിക്കാതിരിക്കാനാണ് പുഞ്ചിരിക്കുന്നതെന്ന് സമ്മതിക്കുന്നു. കുട്ടികൾ വളരെ പരിഭ്രാന്തരാണ്. അതിനാൽ തനിക്ക് ഭയപ്പെടാൻ കഴിയില്ലെന്ന് ഹന്ന പറയുന്നു. രണ്ട് ആൺകുട്ടികളും സ്വന്തം പേരും രക്തഗ്രൂപ്പും മൊബൈൽ നമ്പറും അച്ചടിച്ച എമർജൻസി ബ്രേസ്ലെറ്റുകൾ അണിഞ്ഞിട്ടുണ്ട്.
ജീവൻ നിലവറയിൽ ഒളിപ്പിച്ച്
റഷ്യൻ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ നിപ്രോയ്ക്ക് സമീപം ഒരു സ്ഫോടനം നടന്നു. അതുവരെ നഗരം ശാന്തമായിരുന്നു. എന്നാൽ ഇവിടെ തെക്കും വടക്കും കിഴക്കും റഷ്യൻ സൈന്യം ആക്രമണത്തിലാണ്. ഷെല്ലാക്രമണത്തിൽനിന്നും അഭയം പ്രാപിക്കാൻ ഹന്നയും അയൽക്കാരും നിലവറ വൃത്തിയാക്കി. എല്ലാവീടുകളുടെയും നിലവറ ഏറെ ചെറുതാണ്. ഏത് സമയവും ഒളിക്കാൻ വസ്ത്രങ്ങളും ലഘുഭക്ഷണവും വെള്ളവും തയാറാക്കിവെച്ചിരിക്കുകയാണ് അവർ. ചില താമസക്കാർ സുരക്ഷ തേടി കൂടുതൽ പടിഞ്ഞാറോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു. യുക്രെയ്ൻ സൈന്യം 2014 മുതൽ കിഴക്കൻ ഡോൺബാസിൽ റഷ്യൻ അനുകൂലികളുമായി പോരാടുകയാണ്. എന്നാൽ വ്യാഴാഴ്ച മുതൽ റഷ്യൻ സൈന്യം പരസ്യ യുദ്ധം തുടങ്ങിയതാണ് കാര്യങ്ങൾ തകിടം മറിച്ചത്.
രക്തദാന കേന്ദ്രത്തിന് പുറത്ത് നീണ്ടവരിയിൽ നിൽക്കുകയാണ് ലിസ. നഴ്‌സിങ് വിദ്യാർഥിയായിരുന്ന അവൾ എട്ട് വർഷം മുമ്പ് സംഘർഷം ആരംഭിച്ചപ്പോൾ നിപ്രോയിലേക്ക് മാറി. വീണ്ടും കുടിയൊഴിപ്പിക്കപ്പെടുമെന്നത് അവൾക്ക് താങ്ങാനാവുന്നില്ല. പാർപ്പിടം കണ്ടുപിടിക്കാൻ അന്ന് നടത്തിയ അലച്ചിൽ മറക്കാനാവുന്നില്ല. എങ്കിലും അവൾക്ക് യുക്രെയ്ൻ സൈനികരെ സഹായിക്കാൻ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് അവൾ മുറിവേറ്റവർക്കായി രക്തം ദാനം ചെയ്യാൻ വന്നത്. തണുപ്പും മഴയും അവഗണിച്ച് ഒന്നരമണിക്കൂറോളം വരിയിൽനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

