യുക്രെയ്ൻ അധിനിവേശം; കരിങ്കടൽവഴി ധാന്യകയറ്റുമതി ഈയാഴ്ച തുടങ്ങും
text_fieldsകിയവ്: വെള്ളിയാഴ്ച ഒപ്പുവെച്ച കരാർ പ്രകാരം കരിങ്കടൽവഴി ധാന്യ കയറ്റുമതി ഈയാഴ്ച ആരംഭിച്ചേക്കും. ചോർണോമോർസ്ക് തുറമുഖത്തുനിന്നാകും യുക്രെയ്നിൽനിന്നുള്ള ആദ്യ കപ്പൽ യാത്രയാകുക. രണ്ടാഴ്ചക്കിടെ ഒഡേസ, പിവ്ഡെനി തുടങ്ങി എല്ലാ തുറമുഖങ്ങളിൽനിന്നും ധാന്യങ്ങൾ കയറ്റി കപ്പലുകൾ പുറപ്പെടും. എത്ര ധാന്യം കയറ്റുമതി ചെയ്യാമെന്നതിന് പരിധി നിശ്ചയിച്ചിട്ടില്ല. രാസവളങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ഇതോടൊപ്പം അനുവദിക്കും. അടുത്ത എട്ട്-ഒമ്പത് മാസത്തിനുള്ളിൽ 80 ലക്ഷത്തിലേറെ ടൺ ധാന്യം കയറ്റുമതി ചെയ്യാനാകുമെന്നാണ് യുക്രെയ്ൻ കണക്കുകൂട്ടൽ.
അതിനിടെ, യുക്രെയ്നിൽ റഷ്യ ആക്രമണം തുടരുകയാണ്. കിഴക്കൻ മേഖലയുടെ സമ്പൂർണ അധിനിവേശം ലക്ഷ്യമിട്ട് ബോംബിങ് ശക്തമാക്കിയ റഷ്യ ബഖ്മൂത്, അവ്ഡീവ്ക, ക്രമാറ്റോർസ്ക് ഉൾപ്പെടെയുള്ള മേഖലകളിലാണ് തിങ്കളാഴ്ച ആക്രമണം നടത്തിയത്. ബഖ്മൂതിൽ അഞ്ച് വീടുകൾ തകർന്നു. ഒരാൾക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ മേഖലയിലെ ചുഹുയീവ് പട്ടണത്തിൽ ഒരു സാംസ്കാരിക നിലയം ആക്രമിക്കപ്പെട്ടു. മൂന്നുപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. കരിങ്കടൽ പ്രദേശമായ ഖേഴ്സണിൽ മുന്നേറ്റം നടത്തിയതായി യുക്രെയ്ൻ സേനയും അവകാശപ്പെട്ടു. പട്ടണം റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്.
യുക്രെയ്ന് പാശ്ചാത്യ രാജ്യങ്ങൾ സഹായമെത്തിക്കൽ തുടരുന്നുണ്ട്. ജർമനിയിൽനിന്ന് കഴിഞ്ഞ ദിവസം മൂന്ന് ജെപേർഡ് വിമാനവേധ ടാങ്കുകളും ആയിരക്കണക്കിന് റൗണ്ട് വെടിയുണ്ടകളും എത്തി. ജർമനി ഈ വിഭാഗത്തിൽ 15 ടാങ്കുകൾ കൈമാറുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

