Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരി ഏഴു തവണ കഴുകരുത്, വുദു എടുക്കാൻ ഇത്രയും വെള്ളമെടുക്കരുത്; വിവാദ നിർദേശങ്ങളുമായി യു.​കെ സർക്കാർ

text_fields
bookmark_border
UK heatwave
cancel
camera_alt

പ്രതീകാത്മക ചിത്രം

ലണ്ടൻ: രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഇംഗ്ലണ്ടിൽ, ഇന്ത്യക്കാരടക്കമുള്ള ദക്ഷിണേഷ്യക്കാരുടെ ആചാരങ്ങളും ദൈനംദിന ശീലങ്ങളും ലക്ഷ്യമിട്ട് യു.കെ സർക്കാർ ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിട്ടു. അരി ഒന്നോ രണ്ടോ തവണ മാത്രം കഴുകുക, പ്രാർത്ഥനക്ക് മുന്നോടിയായുള്ള വുദുവിന് (അംഗശുദ്ധി) പൈപ്പിലെ വെള്ളത്തിന് പകരം ഒരു ലിറ്ററിന്റെ മഗ്ഗ് മാത്രം ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. നികുതിദായകരുടെ 27 ലക്ഷം പൗണ്ട് (ഏകദേശം 2.9 കോടി രൂപ) ചെലവഴിച്ചാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്.

ഈ വേനൽക്കാലത്ത് തുടർച്ചയായ അഞ്ച് ഉഷ്ണതരംഗങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇംഗ്ലണ്ടിന്റെ മൂന്നിൽ രണ്ട് ഭാഗവും കടുത്ത വരൾച്ചയിലാണ്. നദികളിലെയും റിസർവോയറുകളിലെയും ജലനിരപ്പ് അപകടകരമാം വിധം താഴ്ന്നതോടെയാണ് വാട്ടർ റെഗുലേറ്ററായ 'ഓഫ്വാട്ട്' ഈ പദ്ധതിക്ക് ഫണ്ട് അനുവദിച്ചത്. വിവിധ മതവിശ്വാസികളുടെയും സമൂഹങ്ങളുടെയും ദൈനംദിന ആചാരങ്ങളിൽ വെള്ളം എങ്ങനെ മിതമായി ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന പദ്ധതിയാണിത്.

ബ്രിട്ടീഷ്-മലേഷ്യൻ സെലിബ്രിറ്റി പാചകക്കാരൻ പിങ് കൂംബ്സ് ആണ് അരി കഴുകുന്ന ശീലം മാറ്റാൻ ആഹ്വാനം ചെയ്യുന്ന വിഡിയോയിൽ പങ്കാളിയായിട്ടുള്ളത്. ഏഷ്യൻ കുടുംബങ്ങളിൽ വെള്ളത്തിന്റെ കലക്കൽ മാറുന്നത് വരെ അഞ്ചു മുതൽ ഏഴു തവണ വരെ അരി കഴുകാറുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ, രണ്ട് തവണ മാത്രം കഴുകിയാൽ ഓരോ തവണയും അഞ്ച് ലിറ്റർ വരെ വെള്ളം ലാഭിക്കാമെന്ന് വ്യക്തമാക്കി. ഇതിന് പുറമെ, അരി കഴുകിയ വെള്ളം ചെടികൾക്ക് ഒഴിക്കാനും, മുഖ സൗന്ദര്യത്തിനും മുടിയുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കാമെന്നും മാധ്യമപ്രവർത്തകയായ സോണിയ ഹരിയ നിർദേശിച്ചു.

മുസ്‍ലിം സമൂഹത്തെ ലക്ഷ്യമിട്ട് കേംബ്രിഡ്ജ് സെൻട്രൽ മസ്ജിദുമായി സഹകരിച്ച് ‘റിവൈവിങ് ദി സുന്ന’ എന്ന പേരിലാണ് രണ്ടാമത്തെ പ്രചാരണം നടക്കുന്നത്. ദിവസം അഞ്ചുനേരം നമസ്കരിക്കുന്നതിന് മുമ്പായി ചെയ്യുന്ന വുദൂവിന് ഒഴുകുന്ന പൈപ്പിൽ നിന്ന് 6 മുതൽ 12 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് ഇതിലെ അഭ്യർത്ഥന. പ്രവാചകൻ മുഹമ്മദ് നബി ഒരു 'മുദ്ദ്' (ഏകദേശം ഒരു ലിറ്റർ) വെള്ളം മാത്രമാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്ന് ഓർമിപ്പിക്കുന്ന പ്രചാരണം, പ്രവാചക ചര്യ പിന്തുടർന്ന് ഒരു ലിറ്റർ പാത്രം ഉപയോഗിച്ച് വുദു ചെയ്യാൻ ആഹ്വാനം ചെയ്യുന്നു.

അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ യു.കെയിൽ കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്. രാജ്യത്ത് പൈപ്പ് ചോർച്ച കാരണം പ്രതിദിനം 300 കോടി ലിറ്ററിലധികം വെള്ളമാണ് പാഴായിപ്പോകുന്നത്. അടിസ്ഥാന സൗകര്യങ്ങളിലെ കേടുപാടുകൾ പരിഹരിക്കുന്നതിന് പകരം, ജനങ്ങളുടെ പരമ്പരാഗത ആചാരങ്ങളെയും സംസ്കാരങ്ങളെയും കുറ്റപ്പെടുത്തുന്ന വിചിത്ര പദ്ധതികൾക്കായി ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നതിനെ കൺസർവേറ്റീവ് മന്ത്രി മൈക്ക് വുഡ് ശക്തമായി വിമർശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wash rice twice, not 7 times: Drought-hit England targets faith, cultural habits
Next Story