കാബൂൾ വിമാനത്താവളത്തിന് ഭീകരാക്രമണ ഭീഷണി; പൗരൻമാർക്ക് ജാഗ്രത നിർദേശവുമായി വിവിധ രാജ്യങ്ങൾ
text_fieldsകാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ഭീകരാക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ്. ഇതേതുടർന്ന് വിവിധ പാശ്ചാത്യ രാജ്യങ്ങൾ പൗരൻമാർക്ക് ജാഗ്രത നിർദേശം നൽകി. എത്രയും പെട്ടെന്ന് കാബൂൾ വിമാനത്താവളത്തിന്റെ പരിസരത്ത് നിന്ന് മാറണമെന്നാണ് പൗൻമാർക്ക് വിവിധ രാജ്യങ്ങൾ നൽകിയ നിർദേശം.
യു.കെ, യു.എസ്, ആസ്ട്രേലിയ രാജ്യങ്ങളാണ് പ്രധാനമായും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇവർ പൗരൻമാരോട് നിർദേശിച്ചു. ഐ.എസ് ചാവേർ ബോംബ് സ്ഫോടനം നടത്താൻ സാധ്യതയുണ്ടെന്നാണ് യു.കെയുടെ മുന്നറിയിപ്പ്. പൗരൻമാരോട് കാബൂൾ വിമാനത്താവളത്തിന്റെ സമീപത്തേക്ക് പോകരുതെന്ന് യു.എസും അറിയിച്ചു.
അഫ്ഗാനിൽ നിന്നും പുറത്ത് കടക്കാൻ ആയിരക്കണക്കിന് ആളുകളാണ് കാബൂൾ വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നത്. താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചതിന് ശേഷം യു.എസ് മാത്രം ഏകദേശം 90,000 പേരെ സുരക്ഷാ വിമാനങ്ങളിൽ പുറത്തെത്തിച്ചിട്ടുണ്ട്.

