ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി ബ്രിട്ടൻ; കുടിയേറ്റ മേഖലകളിലെ വ്യാപാര നിരോധനം ഇന്ന് പാർലമെന്റിൽ
text_fieldsലണ്ടൻ: ഇസ്രായേലുമായി ബന്ധപ്പെട്ട നയങ്ങളിൽ സമഗ്രമായ മാറ്റം വരുത്താൻ ബ്രിട്ടൻ തയാറെടുക്കുന്നു. അടിച്ചമർത്തപ്പെട്ട ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രായേലി കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ഇറക്കുമതിക്ക് ബ്രിട്ടൻ ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തും. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡാണ് ഇതുസംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തുക. യു.എസിന്റെയും ഇസ്രായേലിന്റെയും കടുത്ത വിമർശനങ്ങൾക്ക് കാരണമായേക്കാവുന്ന വലിയൊരു രാഷ്ട്രീയ ചുവടുവെയ്പ്പാണ് യു.കെയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ഫലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരത്തിന് പൂർണ പിന്തുണ നൽകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ ആവർത്തിച്ചു വ്യക്തമാക്കി. ഫലസ്തീൻ ജനത നേരിടുന്ന ക്രൂരമായ മാനുഷിക പ്രതിസന്ധികളെ മുൻകാല നേതാക്കളെ അപേക്ഷിച്ച് വളരെ കടുത്ത ഭാഷയിലാണ് മിലിബാൻഡ് അപലപിക്കുന്നത്. ഫലസ്തീൻ അനുകൂല സംഘടനകളുടെ മുഴുവൻ ആവശ്യങ്ങളും പൂർണമായി അംഗീകരിക്കുന്നില്ലെങ്കിലും, വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങളുടെ വ്യാപ്തി തടയാൻ പര്യാപ്തമായ ശക്തമായ നടപടികളിലേക്കാണ് യു.കെ കടക്കുന്നത്.
അതേസമയം മിലിബാൻഡിന്റെ ഈ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ കോലാഹലങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഗസ്സയിലേക്ക് ആവശ്യത്തിന് സഹായം എത്തിക്കുന്നതിൽ നിന്ന് ഇസ്രായേൽ സൈന്യം ബോധപൂർവ്വം പിന്തിരിഞ്ഞു എന്ന മിലിബാൻഡിന്റെ മുൻ പരാമർശത്തിനെതിരെ ഇസ്രായേൽ കടുത്ത തിരിച്ചടി ഭീഷണി മുഴക്കിയിട്ടുണ്ട്. ലേബർ പാർട്ടി യഹൂദ വിദ്വേഷത്താൽ അന്ധമായിരിക്കുകയാണെന്നാണ് ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കാബി ആരോപിച്ചത്. ബ്രിട്ടീഷ് അംബാസഡറെ ഉടൻ തന്നെ പുറത്താക്കണമെന്നാണ് ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനകാര്യ മന്ത്രി ബെസലേൽ സ്മോട്രിച്ച് പ്രതികരിച്ചത്. അതിനിടയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണാം ഡോണൾഡ് ട്രംപുമായും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായും ചർച്ചകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

