കോവിഡ് വാക്സിൻ: യു.കെയിൽ ആദ്യഘട്ട വിതരണം നാളെ
text_fieldsലണ്ടൻ: കോവിഡ് മഹാമാരിക്കെതിരായ ലോകജനതയുടെ പോരാട്ടത്തിലെ നിർണായക ഘട്ടമെന്ന നിലയിൽ ബ്രിട്ടനിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചൊവ്വാഴ്ച നടക്കും. രാജ്യചരിത്രത്തിലെ ഏറ്റവും വലിയതും സങ്കീർണവുമായ വാക്സിനേഷൻ പദ്ധതിയാണിതെന്ന് ഇംഗ്ലണ്ട് ആരോഗ്യ ഡയറക്ടർ പ്രഫ. സ്റ്റെഫാൻ പൊവിസ് പറഞ്ഞു.
വിതരണത്തിനുള്ള ഫൈസർ-ബയോൺടെക് വാക്സിൻ യു.കെയിലെ വിവിധ ആശുപത്രികളിൽ കടുത്ത ശീതീകരണ സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംരക്ഷണകേന്ദ്രങ്ങളിൽ താമസിപ്പിച്ചവർക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്നതിനാൽ അവിടേക്ക് വാക്സിൻ കേടുകൂടാതെ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും ആരോഗ്യപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ്. നാലു തവണ മാത്രം പുറത്തെടുക്കാവുന്നതും അഞ്ചു ദിവസം മാത്രം ശീതീകരണിയിൽ വെക്കാവുന്നതാണ് ഈ വാക്സിൻ. അതിനാൽ വാക്സിൻ പാക്കുകൾ മുൻകൂട്ടി വിഭജനം നടത്തിയാണ് വിതരണം ചെയ്യുന്നതെന്ന് യു.കെ ഔഷധ, ആരോഗ്യപരിപാലന നിയന്ത്രണ സമിതി സി.ഇ.ഒ ഡോ. ജൂൺ റെയ്നെ പറഞ്ഞു.
ചൈനീസ് വാക്സിൻ ഇന്തോനേഷ്യയിലെത്തി
ജകാർത്ത: ചൈനയിൽനിന്നുള്ള ആദ്യഘട്ട കോവിഡ് വാക്സിൻ വിതരണത്തിനായി ഇന്തോനേഷ്യയിലെത്തി. ചൈനയുടെ സിനോവാക് നിർമിച്ച 12 ലക്ഷം ഡോസ് വാക്സിനാണ് കപ്പൽ മാർഗം എത്തിയത്. രണ്ടാം ഘട്ടത്തിൽ 18 ലക്ഷം ഡോസ് വാക്സിനുകൾകൂടി അടുത്ത മാസം എത്തും.
അതിനിടെ, ഹംഗറിയിൽ ആയിരക്കണക്കിനാളുകൾ റഷ്യൻ നിർമിത സ്ഫുട്നിക്-5 വാക്സിെൻറ മനുഷ്യരിലെ പരീക്ഷണത്തിൽ പങ്കാളികളായി. പരീക്ഷണത്തിനുശേഷം റഷ്യൻ വാക്സിൻ നിർമിക്കാനാണ് ഹംഗറിയുടെ പദ്ധതി. അംഗരാജ്യമെന്ന നിലയിൽ യൂറോപ്യൻ യൂനിയനുമായുള്ള ഹംഗറിയുടെ ഭിന്നത ഇതോടെ രൂക്ഷമായേക്കും.
ദ. കൊറിയയും ജപ്പാനും സൈന്യത്തെ വിന്യസിക്കുന്നു
സോൾ: കോവിഡ് പ്രതിരോധത്തിൽ ആരോഗ്യ മേഖലയുടെ അമിതഭാരം കുറക്കുന്നതിന് ദ. കൊറിയയും ജപ്പാനും സൈനികസേവനം ലഭ്യമാക്കുന്നു. കൊറോണ പരിശോധന വിപുലമാക്കുന്നതിനായി സൈനികരെയും സർക്കാർ ഉദ്യോഗസ്ഥരെയും വിന്യസിക്കാൻ ദ. കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ ഉത്തരവിട്ടു.
ജപ്പാനിൽ കോവിഡ് ഏറെ ബാധിച്ച ഹൊക്കായ്ഡോ, ഒസാക മേഖലകളിലെ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുടെ ഒഴിവുകളിലേക്ക് സൈന്യത്തിലെ നഴ്സുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

