Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ് ഉപയോഗിക്കുന്ന...

യു.എസ് ഉപയോഗിക്കുന്ന ബ്രിട്ടനിലെ സൈനിക താവളത്തിന് സമീപം സമരം ചെയ്ത ഏഴ് പേർ പിടിയിൽ

text_fields
bookmark_border
യു.എസ് ഉപയോഗിക്കുന്ന ബ്രിട്ടനിലെ സൈനിക താവളത്തിന് സമീപം സമരം ചെയ്ത ഏഴ് പേർ പിടിയിൽ
cancel

ഇംഗ്ലണ്ട്: അമേരിക്കൻ വ്യോമസേന ഉപയോഗിക്കുന്ന കിഴക്കൻ ഇംഗ്ലണ്ടിലെ ആർ‌.എ‌.എഫ് (RAF) ലെയ്ക്കൻഹീത്ത് താവളത്തിന് സമീപം പ്രതിഷേധിച്ച ഏഴ് പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിൽ നിരോധിത സംഘടനയായി പ്രഖ്യാപിച്ച 'ഫലസ്തീൻ ആക്ഷനെ' പിന്തുണച്ചു എന്നാരോപിച്ചാണ് നടപടി.

ഇറാനെതിരെയുള്ള യു.എസ്-ഇസ്രായേൽ യുദ്ധത്തിനായി ആർ‌.എ‌.എഫ് ബേസ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച നടന്ന ഉപരോധത്തിൽ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. 'ഞങ്ങൾ വംശഹത്യയെ എതിർക്കുന്നു, ഫലസ്തീൻ ആക്ഷനെ പിന്തുണക്കുന്നു' എന്നെഴുതിയ വസ്ത്രങ്ങൾ ധരിച്ചതിനാണ് സമരക്കാരെ അറസ്റ്റ് ചെയ്തതെന്ന് സംഘാടകരായ 'ലെയ്ക്കൻഹീത്ത് അലയൻസ് ഫോർ പീസ്' അറിയിച്ചു.

കഴിഞ്ഞ വർഷമാണ് കീർ സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ലേബർ സർക്കാർ ഫലസ്തീൻ ആക്ഷനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നിരോധിച്ചത്. ഫെബ്രുവരിയിൽ ഈ നിരോധനം അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എങ്കിലും സർക്കാരിന്റെ അപ്പീൽ നിലനിൽക്കുന്നതിനാൽ നിരോധനം ഇപ്പോഴും പ്രാബല്യത്തിലുണ്ട്. ഇതുവരെ ഈ ഗ്രൂപ്പിനെ പിന്തുണച്ചതിന്റെ പേരിൽ ഏകദേശം 2,700ലധികം ആളുകൾ അറസ്റ്റിലായിട്ടുണ്ട്.

നിലവിലെ നിയമം നടപ്പിലാക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ശനിയാഴ്ചയും പൊതുഗതാഗതം തടസ്സപ്പെടുത്തിയതിന് രണ്ട് പ്രതിഷേധക്കാരെ ഇതേ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇറാനെതിരായ യുദ്ധത്തിൽ ബ്രിട്ടൻ വേണ്ടത്ര പിന്തുണ നൽകുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വിമർശിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. അതേസമയം ഹുർമുസ് കടലിടുക്കിന്റെ സംരക്ഷണത്തിനും പ്രതിരോധ ആവശ്യങ്ങൾക്കുമായി തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ യു.എസിന് അനുമതി നൽകിയിട്ടുണ്ട്.

നിലവിൽ യുദ്ധം അതിസങ്കീർണമായ അവസ്ഥയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. തകർന്നടിഞ്ഞ പശ്ചിമേഷ്യൻ സമാധാനം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. 45 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാനും അതുവഴി യുദ്ധത്തിന് സ്ഥിരമായ അറുതി വരുത്താനുമാണ് നീക്കം. പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്.

അടുത്ത 48 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് മധ്യസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ ഊർജ്ജ-ജല വിതരണ ശൃംഖലകൾക്ക് നേരെ അമേരിക്കയും ഇസ്രായേലും വലിയ ആക്രമണം നടത്തിയേക്കും. ഇതിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ എണ്ണനിലയങ്ങളും ശുദ്ധജല പ്ലാന്റുകളും ഇറാൻ ലക്ഷ്യമിടുമെന്ന ഭീതിയിലാണ് മധ്യസ്ഥർ. ഗസ്സയിലെയോ ലബനനിലെയോ പോലെ വെടിനിർത്തലിന് ശേഷം വീണ്ടും യുദ്ധം തുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത് എന്ന കർശന നിലപാടിലാണ് ഇറാൻ.

അതേസമയം, ഹുർമുസ് കടലിടുക്കിലെ സാഹചര്യം ഇനി പഴയതുപോലെ ആകില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. യുദ്ധം പടരാതിരിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് അന്താരാഷ്ട്ര സമൂഹം. ട്രംപ് നൽകിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെ ലോകം മുഴുവൻ പശ്ചിമേഷ്യയിലേക്ക് ഉറ്റുനോക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainMilitary baseArrestPro Palestine ProtestUS Iran War
News Summary - UK police arrest seven protesters near RAF base used by US
Next Story