മോശം പെരുമാറ്റത്തിന്റെ പേരിൽ വകുപ്പില്ല മന്ത്രി രാജിവെച്ചു; ബ്രിട്ടനിൽ ഋഷി സുനക് പ്രതിരോധത്തിൽ
text_fieldsലണ്ടൻ: വിശ്വസ്തരിൽ ഒരാളായ മന്ത്രി രാജിവെച്ചതോടെ ആഴ്ചകൾ മാത്രം പിന്നിട്ട ഋഷി സുനക് സർക്കാർ പ്രതിരോധത്തിലായി. മോശം പെരുമാറ്റത്തിന്റെ പേരിൽ അന്വേഷണം നടക്കാനിരിക്കെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് സർ ഗാവിൻ വില്യംസൺ രാജിവെച്ചത്.
സഹപ്രവർത്തകരെ അപമാനിച്ചുവെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് വില്യംസണു നേരെ ഉയർന്നത്. തുടർന്ന് മന്ത്രി രാജിവെക്കുകയായിരുന്നു. നേരത്തേയും ഇദ്ദേഹത്തിന് എതിരെ ഇതുപോലുള്ള പരാതികൾ ഉയർന്നിരുന്നു. പ്രതിരോധമന്ത്രിയായിരിക്കെ തന്റെ കഴുത്തു മുറിക്കും എന്ന് വില്യംസൺ ഭീഷണിപ്പെടുത്തി എന്നാണ് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.
വിശ്വസ്തനെങ്കിലും മന്ത്രിയെ പിന്തുണക്കാൻ സുനക് തയാറായില്ല. അതോടെ രാജി അനിവാര്യമായി മാറി. ഇത് മൂന്നാം തവണയാണ് വില്യംസൺ മന്ത്രിക്കസേരകളിൽ നിന്ന് പുറത്താകുന്നത്. തെരേസ മേ മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്നു ഇദ്ദേഹം. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
വില്യംസന്റെ രാജി അതീവ ദുഃഖത്തോടെയാണ് സ്വീകരിക്കുന്നതെന്ന് സുനക് പറഞ്ഞു. അതിനിടെ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നിടടുണ്ട്. സംഭവം ഈയാഴ്ച നടക്കുന്ന പാർലമെന്റ് യോഗത്തിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് കീർ സ്റ്റാർമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

