Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ കുടിയേറ്റ...

ഇസ്രായേൽ കുടിയേറ്റ മേഖലകളുമായുള്ള വ്യാപാരം നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ

text_fields
bookmark_border
ഇസ്രായേൽ കുടിയേറ്റ മേഖലകളുമായുള്ള വ്യാപാരം നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ
cancel

ലണ്ടൻ: വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടി​യേറ്റ പ്രദേശങ്ങളിൽ നിർമിക്കുന്ന ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണാം തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ. വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാനമായ E1 മേഖലയിലേക്ക് അധിനിവേശം വ്യാപിപ്പിക്കാനുള്ള ഇസ്രായേലിന്റെ കുടിയേറ്റ പദ്ധതിക്കെതിരെയുള്ള മറുപടിയായാണ് ബ്രിട്ടൻ ഈ കടുത്ത നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. എന്നാൽ ഭരണകക്ഷിയായ ലേബർ പാർട്ടിയിലെ തന്നെ ഇസ്രായേൽ അനുകൂല വിഭാഗങ്ങളിൽ നിന്നും ഇതിനെതിരെ കടുത്ത എതിർപ്പ് ഉയർന്നിട്ടുണ്ട്.

ഇതിനൊപ്പം ഇസ്രായേൽ സർക്കാരിലെ തീവ്ര വലതുപക്ഷ മന്ത്രിമാർക്കും ചില അതിക്രമകാരികളായ കുടിയേറ്റക്കാർക്കും എതിരെ ഉപരോധം ഏർപ്പെടുത്താനും ബ്രിട്ടൻ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് എന്നിവർക്ക് ബ്രിട്ടനിൽ പ്രവേശന വിലക്കും ഉപരോധവുമുണ്ട്. E1 മേഖലയിലെ അധിനിവേശ വിപുലീകരണം അംഗീകരിക്കാനാകാത്തതും വിനാശകരവുമാണെന്ന് ബ്രിട്ടൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അനധികൃത അധിനിവേശത്തിന് പിന്തുണ നൽകുന്നവർക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ തയാറാക്കുകയാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് മുമ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

ഇസ്രായേലിന്റെ ഈ പദ്ധതി പ്രധാന ഫലസ്തീൻ നഗരങ്ങൾ തമ്മിലുള്ള ബന്ധം പൂർണമായി വേർപെടുത്തുന്നതാണ്. ഇത് ഭാവിയിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയത്തിന് വലിയ തിരിച്ചടിയാകുമെന്ന് അന്താരാഷ്ട്ര സമൂഹം ഭയപ്പെടുന്നുണ്ട്. വർഷങ്ങളായി കടുത്ത അന്താരാഷ്ട്ര എതിർപ്പിനെ തുടർന്ന് മരവിപ്പിച്ചിരുന്ന ഈ പദ്ധതിക്ക് അടുത്തിടെയാണ് ഇസ്രായേൽ സർക്കാർ വീണ്ടും അംഗീകാരം നൽകിയതും ആയിരത്തിലധികം വസതികൾ നിർമിക്കാനുള്ള ടെൻഡറുകൾ ക്ഷണിച്ചതും.

കഴിഞ്ഞ ജൂലൈ 20-ന് അധികാരം ഏറ്റെടുത്ത ആൻഡി ബർണാം, മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറേക്കാൾ കടുത്ത നിലപാടാണ് ഇസ്രായേലിനോട് സ്വീകരിക്കുന്നത്. ആയുധ കയറ്റുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും അധിനിവിഷ്ട മേഖലകൾക്കെതിരെയുള്ള നടപടികളും തന്റെ മുൻഗണനയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. നിലവിൽ അയർലൻഡ്, ബെൽജിയം, സ്പെയിൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ അധിനിവിഷ്ട പ്രദേശങ്ങളുമായുള്ള വ്യാപാരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബ്രിട്ടനിൽ ഇത്തരമൊരു നിയമം പ്രായോഗികമായി നടപ്പിലാക്കുക പ്രയാസകരമായിരിക്കുമെന്ന് ചില ഉദ്യോഗസ്ഥരും മന്ത്രിമാരും ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ലേബർ പാർട്ടിയിലെ ഇസ്രായേൽ അനുകൂല ഗ്രൂപ്പായ 'ലേബർ ഫ്രണ്ട്സ് ഓഫ് ഇസ്രായേൽ' ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലകൾ കേന്ദ്രീകരിച്ച് ബാങ്ക് ഹപോളിം, തേവ തുടങ്ങിയ വൻകിട ഇസ്രായേലി കമ്പനികളും വിനോദസഞ്ചാര മേഖലയും പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഈ നിരോധനം ഫലത്തിൽ ഇസ്രായേലിനെ ഒന്നാകെ ബഹിഷ്കരിക്കുന്നതിന് തുല്യമായി മാറുമെന്നും, ഇത് യു.കെയിലെ ജൂത സമൂഹത്തിനിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും അവർ വാദിക്കുന്നു. എന്നാൽ ഇതിനകം തന്നെ 140-ഓളം ലേബർ പാർട്ടി എം.പിമാർ ഈ നിരോധനത്തെ പിന്തുണച്ച് കത്തിൽ ഒപ്പിട്ടിട്ടുണ്ട്. സെപ്റ്റംബറിൽ നടക്കുന്ന ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ ഈ വിഷയം സജീവമായി ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Bankukisrael settlementstrade banAndy Burnham
News Summary - Burnham poised to sanction Israeli settlements
Next Story