'ബ്രിട്ടൻ വൻ യുദ്ധത്തിന് സുസജ്ജമാകണം'; റഷ്യൻ ഭീഷണി ശക്തമെന്ന് പ്രതിരോധ സെക്രട്ടറി, 'ബി റെഡിക്ക്' ആരംഭം
text_fieldsലണ്ടൻ: റഷ്യ ഉൾപ്പെടെയുള്ള എതിരാളികളുടെ യുദ്ധസമ്പദ്‌വ്യവസ്ഥയും സൈനിക ശക്തിയും വേഗത്തിൽ വളരുന്ന സാഹചര്യത്തിൽ, 2030-ഓടെ ബ്രിട്ടൻ പൂർണ്ണമായ യുദ്ധത്തിന് സജ്ജമാകണമെന്ന് യുകെ പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് കർശന മുന്നറിയിപ്പ് നൽകി. ലണ്ടനിലെ പ്രമുഖ പത്രമായ 'ദ ടെലിഗ്രാഫിൽ' എഴുതിയ ലേഖനത്തിലാണ് രാജ്യത്തിന്റെ സുരക്ഷാ അവസ്ഥയെക്കുറിച്ച് പ്രതിരോധ സെക്രട്ടറി ആശങ്ക പങ്കുവെച്ചത്.
രാജ്യത്തെ യുദ്ധത്തിനും അതിലൂടെയുള്ള വിജയത്തിനും പ്രാപ്തമാക്കുക എന്നതാണ് തന്റെ പ്രധാന മുൻഗണനയെന്ന് സ്ട്രീറ്റിങ് വ്യക്തമാക്കി. "ഏറ്റവും മോശമായ സാഹചര്യങ്ങളെ ഒഴിവാക്കാൻ നമ്മൾ അതിനായി സജ്ജരാകേണ്ടതുണ്ട്. ശത്രുക്കൾ നമ്മെ ആക്രമിക്കാൻ തുനിയാത്തവിധം നമ്മുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയാണ് ആദ്യ പടി. അത് പരാജയപ്പെട്ടാൽ, യുദ്ധം ചെയ്ത് ജയിക്കാൻ ബ്രിട്ടൻ സർവ്വസജ്ജമായിരിക്കണം," അദ്ദേഹം കുറിച്ചു.
2030 ഓടെ ബ്രിട്ടനെ നേരിട്ട് ആക്രമിക്കാനുള്ള ശേഷി അവർ കൈവരിച്ചേക്കാം. അതുകൊണ്ട് തന്നെ സഖ്യകക്ഷികളോടൊപ്പം ചേർന്ന് യുദ്ധത്തിന് തയ്യാറെടുക്കാൻ ഇനി ആയിരത്തോളം ദിവസങ്ങൾ മാത്രമാണ് മുന്നിലുള്ളതെന്നും, ഈ ലക്ഷ്യം സർക്കാർ കൃത്യമായി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി പൗരന്മാരെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രാപ്തരാക്കുന്ന 'ബി റെഡി' (Be Ready) പ്രചാരണ പരിപാടിക്കും യുകെ തുടക്കം കുറിച്ചിട്ടുണ്ട്. ഇതിലൂടെ കുറഞ്ഞത് മൂന്ന് ദിവസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ ശേഖരിച്ചു വെക്കാൻ ജനങ്ങളോട് നിർദ്ദേശിക്കുന്നു.
കൺസർവേറ്റീവ് പാർട്ടി ഭരണകാലത്ത് സൈന്യത്തിന്റെ വലിപ്പം നെപ്പോളിയൻ യുദ്ധങ്ങൾക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയെന്നും, റിക്രൂട്ട്‌മെന്റ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രതിരോധ സെക്രട്ടറി വിമർശിച്ചു. എന്നാൽ നിലവിലെ ലേബർ സർക്കാർ ശീതയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ ബജറ്റ് വർദ്ധനവാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിലവിലെ ലോക സാഹചര്യങ്ങൾ ശീതയുദ്ധ കാലത്തേക്കാൾ ഭയാനകമാണെന്ന് മുൻ യുകെ സൈനിക മേധാവി ജനറൽ സർ പാട്രിക് സാൻഡേഴ്സും പ്രതികരിച്ചു. ഇനി വൈകാതെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ പ്രതിരോധശേഷിയും അതിജീവനശേഷിയും വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധവും ആക്രമണങ്ങളും ഇനി വിദൂരദേശങ്ങളിൽ മാത്രം സംഭവിക്കുന്ന ഒന്നല്ലെന്നും, പൗരന്മാർ സുരക്ഷാ മുൻകരുതലുകൾ തിരിച്ചറിയണമെന്നും സാൻഡേഴ്സ് ഓർമ്മിപ്പിച്ചു.

