പശ്ചിമേഷ്യയിലേക്ക് ജെറ്റുകളും ആയുധങ്ങളും നീക്കുന്നുവെന്ന് ബ്രിട്ടൻ
text_fieldsലണ്ടൻ: ഇറാൻ ആക്രമണങ്ങളിൽ നിന്ന് ഇസ്രായേലിനെ സംരക്ഷിക്കുന്നത് തള്ളിക്കളയാതെ ബ്രിട്ടൻ ജെറ്റുകളും മറ്റ് സൈനിക സാമഗ്രികളും പശ്ചിമേഷ്യയിലേക്ക് മാറ്റുന്നതായി റിപ്പോർട്ട്. മേഖലയിലെ ബ്രിട്ടീഷ് താവളങ്ങൾ ലക്ഷ്യമിടുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഇറാന്റെ ഭീഷണി ഉണ്ടായിരുന്നിട്ടും ഈ നടപടിയുമായി ബ്രിട്ടൻ നീങ്ങുകയാണ്.
ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകവെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാന മന്ത്രി കെയർ സ്റ്റാർമർ, സംഘർഷം ലഘൂകരിക്കാനുള്ള തന്റെ ആഹ്വാനം ആവർത്തിച്ചെങ്കിലും ആയുധ നീക്കത്തെ സാധൂകരിച്ച് സംസാരിച്ചു. ഇസ്രായേൽ ഇറാനെ ആക്രമിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ് എന്നിവരുൾപ്പെടെ മറ്റ് ലോക നേതാക്കളുമായി താൻ നിരവധി ഫോൺ സംഭാഷണങ്ങൾ നടത്തിയതായും സ്റ്റാർമർ പറഞ്ഞു.
‘ജെറ്റുകൾ ഉൾപ്പെടെയുള്ള സൈനിക ആസ്തികൾ ഞങ്ങൾ മാറ്റുകയാണ്. അത് മേഖലയിലെ അടിയന്തര സഹായത്തിനാണ്. യു.കെക്ക് വേണ്ടി ഞാൻ എപ്പോഴും ശരിയായ തീരുമാനങ്ങൾ എടുക്കും’- ഇസ്രായേലിന്റെ സഹായത്തിനെത്തിയ ഏതെങ്കിലും പാശ്ചാത്യ രാജ്യങ്ങളുടെ താവളങ്ങൾക്കെതിരായ ഇറാൻ ഭീഷണികളോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്റ്റാർമർ പറഞ്ഞു.
ഇറാനിൽ നിന്നുള്ള പ്രതികാര ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ വഴിതിരിച്ചുവിടാൻ ഇസ്രായേലിനെ സഹായിക്കുന്നതിൽ യു.കെക്ക് പങ്കാളിയാകാൻ കഴിയുമോ എന്ന ചോദ്യത്തിന്, ‘ഇവ വ്യക്തമായും പ്രവർത്തനപരമായ തീരുമാനങ്ങളാണ്. സാഹചര്യം തുടരുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിനാൽ ഞാൻ കൃത്യമായ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എന്നാൽ, ഞങ്ങൾ ആയുധ സന്നാഹത്തെ നീക്കുകയാണ്. ജെറ്റുകൾ ഉൾപ്പെടെ ഇതിനകം തന്നെ മേഖലയിലേക്ക് മാറ്റാൻ തുടങ്ങിയിട്ടുണ്ട്. അത് മേഖലയിലുടനീളം അടിയന്തര പിന്തുണക്കായിട്ടാണ്’ -എന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

