Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഡാർവിന്റെ കുതിരപ്പല്ല് മുതൽ സ്വർണ്ണ വണ്ടുകൾ വരെ': 7 കോടി അപൂർവ വസ്തുക്കളുമായി 'ഡിജിറ്റൽ മ്യൂസിയം' ഒരുക്കാൻ യു.കെ, സഹായത്തിന് എ.ഐയും റോബോട്ടുകളും

text_fields
bookmark_border
ഡാർവിന്റെ കുതിരപ്പല്ല് മുതൽ സ്വർണ്ണ വണ്ടുകൾ വരെ: 7 കോടി അപൂർവ വസ്തുക്കളുമായി ഡിജിറ്റൽ മ്യൂസിയം ഒരുക്കാൻ യു.കെ, സഹായത്തിന് എ.ഐയും റോബോട്ടുകളും
cancel

ലണ്ടൻ: ബ്രിട്ടനിലെ വിവിധ മ്യൂസിയങ്ങളിൽ നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന അപൂർവ പ്രകൃതിദത്ത പുരാവസ്തുക്കളും ജീവജാലങ്ങളുടെ അവശിഷ്ടങ്ങളും ഉൾപ്പെടെ ഏഴ് കോടിയോളം വസ്തുക്കൾ ഡിജിറ്റൽ രൂപത്തിൽ ലോകത്തിന് മുന്നിലെത്തുന്നു. നിർമ്മിത ബുദ്ധിയും റോബോട്ടിക്സ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇവ ഉൾപ്പെടുത്തിയുള്ള ഭീമാകാരമായ 'ഡിജിറ്റൽ മ്യൂസിയം' ഒരുക്കുന്നത്. പ്രകൃതിയെക്കുറിച്ചും ലോകത്തിലുണ്ടായ പരിസ്ഥിതി വ്യതിയാനങ്ങളെക്കുറിച്ചുമുള്ള ശാസ്ത്രലോകത്തിന്റെ ധാരണകളെ മാറ്റിമറിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

ലണ്ടനിലെ പ്രശസ്തമായ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ നേതൃത്വത്തിൽ യുകെയിലെ നൂറിലധികം മ്യൂസിയങ്ങൾ, സർവകലാശാലകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ എന്നിവ കൈകോർക്കുന്ന 'ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റം ഓഫ് സയന്റിഫിക് കളക്ഷൻസ്' (DiSSCo UK) എന്ന പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലും പ്രകൃതിയിലും കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ വ്യക്തമാക്കുന്ന സസ്യങ്ങൾ, പ്രാണികൾ, ഫോസിലുകൾ, അപൂർവ പാറകൾ എന്നിവയാണ് പ്രധാനമായും സ്കാൻ ചെയ്യുന്നത്. മനുഷ്യർ നേരിട്ട് ഇവ സ്കാൻ ചെയ്ത് വിവരങ്ങൾ തിട്ടപ്പെടുത്താൻ നൂറ്റാണ്ടുകൾ എടുക്കുമായിരുന്നുവെങ്കിൽ, എഐ സംവിധാനങ്ങളും റോബോട്ടുകളും ഉപയോഗിച്ച് വെറും 10 വർഷത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ സാധിക്കും.

1833-ൽ പ്രശസ്ത ശാസ്ത്രജ്ഞൻ ചാൾസ് ഡാർവിൻ അർജന്റീനയിൽ നിന്ന് കണ്ടെത്തിയ കുതിരപ്പല്ല്, കടൽത്തട്ടിൽ ജീവിക്കുന്ന അപൂർവ തരം 'ട്രൈപോഡ്' മത്സ്യങ്ങൾ, തിളങ്ങുന്ന സ്വർണ്ണ വണ്ടുകൾ എന്നിവ ഉൾപ്പെടെയുള്ള അത്യപൂർവ്വ ശേഖരങ്ങൾ ഇനി കമ്പ്യൂട്ടറിലൂടെയോ മൊബൈൽ ഫോണിലൂടെയോ ആർക്കും കാണാനാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ വെയ്ൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ അപൂർവ ശേഖരങ്ങളാണ് സ്കാൻ ചെയ്യുന്നത്. വൻകിട ജീവികൾക്ക് പകരം ചിത്രശലഭങ്ങൾ, ഈച്ചകൾ, വണ്ടുകൾ, ഉണക്കി സൂക്ഷിച്ച അപൂർവ സസ്യങ്ങൾ തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്. പരിസ്ഥിതിയിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നത് ഇത്തരം ചെറിയ ജീവിവർഗ്ഗങ്ങളാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

വ്യവസായ വിപ്ലവം മുതൽ ഭൂമിയിലുണ്ടായ മാറ്റങ്ങൾ പഠിക്കാനും, ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ, ഭക്ഷ്യക്ഷാമം, ജീവിവർഗ്ഗങ്ങളുടെ വംശനാശം എന്നിവ മുൻകൂട്ടി പ്രവചിക്കാനും ഡിജിറ്റൽ ലൈബ്രറി ശാസ്ത്രജ്ഞരെ സഹായിക്കും. ഹരിത സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ധാതുക്കളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും ഇത് മുതൽക്കൂട്ടാകും. ഗവേഷകർക്ക് മാത്രമല്ല, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി തുറന്നുനൽകുന്ന രീതിയിലാണ് ഡിജിറ്റൽ മ്യൂസിയം രൂപകൽപ്പന ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'ഡാർവിന്റെ കുതിരപ്പല്ല് മുതൽ സ്വർണ്ണ വണ്ടുകൾ വരെ': 7 കോടി അപൂർവ വസ്തുക്കളുമായി 'ഡിജിറ്റൽ മ്യൂസിയം' ഒരുക്കാൻ യു.കെ, സഹായത്തിന് എ.ഐയും റോബോട്ടുകളും
Next Story