ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ തടഞ്ഞ സംഭവത്തെ അപലപിച്ച് യു.കെ ഗുരുദ്വാര
text_fieldsഗ്ലാസ്കോ: ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ തടഞ്ഞ സംഭവത്തെ അപലപിച്ച് ഗ്ലാസ്കോയിലെ ഗുരുദ്വാര. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് സംഭവത്തെ അപലപിച്ച് ഗുരുദ്വാര രംഗത്തെത്തിയത്. മോശം പെരുമാറ്റമാണ് ഉണ്ടായതെന്നും ഗുരുദ്വാരയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിട്ടുണ്ടെന്നും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സെപ്റ്റംബർ 29ന് ഇന്ത്യൻ ഹൈകമീഷണർ ഗ്ലാസ്ഗോ ഗുരുദ്വാരയിൽ സന്ദർശനത്തിനെത്തിയിരുന്നു. സ്കോട്ടിഷ് പാർലമെന്റിൽ അംഗത്തിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം വ്യക്തിപരമായ സന്ദർശനത്തിന് എത്തിയത്. എന്നാൽ, അപരിചിതരായ ചിലർ അദ്ദേഹത്തെ തടയുകയും തുടർന്ന് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തുവെന്ന് ഗുരുദ്വാര പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ഹൈകമീഷണർ മടങ്ങിയതിന് ശേഷവും ചിലർ ഗുരുദ്വാരയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് തുടർന്നുവെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നുണ്ട്. ഇത്തരം പ്രവണതകളെ കടുത്ത ഭാഷയിൽ അപലപിക്കുന്നു. സിഖ് ആരാധനാലയത്തിന്റെ സമാധാനാന്തരീക്ഷം തകർത്ത നടപടിയാണുണ്ടായതെന്നും ഗുരുദ്വാര വ്യക്തമാക്കി.
ശനിയാഴ്ചയാണ് ഇന്ത്യൻ ഹൈകമീഷണർ വിക്രം ദോരൈസ്വാമിയെ ഖാലിസ്താനി വിഘടനവാദികൾ ഗ്ലാസ്കോയിലെ ഗുരുദ്വാരക്ക് പുറത്ത് തടഞ്ഞത്. ഹൈകമീഷണറെ തടയുന്നതിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു. തുടർന്ന് ഇന്ത്യ ഇക്കാര്യത്തിൽ യു.കെയെ പ്രതിഷേധമറിയിച്ചു. ഇതിന് പിന്നാലെ സംഭവത്തെ അപലപിച്ച് യു.കെ വിദേശകാര്യ സഹമന്ത്രി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

