ഉപരോധത്തിനു പിന്നാലെ സംഘർഷം രൂക്ഷമാക്കരുതെന്ന് ഇറാനോട് അഭ്യർഥനയുമായി യു.കെയും ജർമ്മനിയും ഫ്രാൻസും
text_fieldsലണ്ടൻ: ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെ സംഘർഷം രൂക്ഷമാക്കരുതെന്നും ചർച്ചകൾ തുടരണമെന്നും ഇറാനോട് ആവശ്യപ്പെട്ട് യു.കെ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ. ‘ഏതെങ്കിലും തരത്തിലുള്ള സംഘർഷ നടപടികളിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ ഇറാനോട് അഭ്യർഥിക്കുന്നു’വെന്ന് അവർ ഒരു സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. യു.എൻ ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നത് നയതന്ത്രത്തിന്റെ അവസാനമല്ലെന്നും തുടർച്ചയായ ആണവ ശാക്തീകരണം, സഹകരണമില്ലായ്മ എന്നിവക്കെതിരെ അവസാന ആശ്രയമായി ഇറാനെതിരെ വ്യാപകമായ നടപടികൾ തിരികെ കൊണ്ടുവരികയല്ലാതെ മറ്റ് മാർഗമില്ലെന്നും മൂന്ന് രാജ്യങ്ങളും പറഞ്ഞു. ഇതിനിടയിലും നയതന്ത്ര മാർഗങ്ങളും ചർച്ചകളും തുടരുമെന്നും അവർ പറഞ്ഞു.
എന്നാൽ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്‍ രാജ്യത്തിന് ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ഉദ്ദേശ്യമില്ലെന്ന് തറപ്പിച്ചു പറയുകയും അന്താരാഷ്ട്ര ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുന്നതിനെ അന്യായവും, നിയമവിരുദ്ധവും എന്ന് അപലപിക്കുകയും ചെയ്തു.
ആണവ പദ്ധതിയെച്ചൊല്ലിയുള്ള അന്താരാഷ്ട്ര കരാറില്‍ നിന്ന് പിൻവാങ്ങി ഒരു ദശാബ്ദത്തിനു ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ വ്യാപകമായ സാമ്പത്തിക, സൈനിക ഉപരോധങ്ങള്‍ ഇറാനു മേല്‍ വീണ്ടും ഏര്‍പ്പെടുത്തിയത്. മുന്‍ഗാമിയായ ബറാക് ഒബാമയുടെ കീഴില്‍ രൂപപ്പെടുത്തിയ ആണവ കരാറിനെ പിഴവുകളുള്ളതെന്ന് വിമര്‍ശിച്ചുകൊണ്ട് ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ആദ്യ ടേമില്‍ അമേരിക്കയെ പിന്‍വലിക്കുകയായിരുന്നു.
2016ല്‍ യു.എസ് കരാറില്‍നിന്ന് പിന്‍മാറിയതിനെത്തുടര്‍ന്ന് ഇറാന്‍ സിവിലിയൻ ആവശ്യങ്ങൾക്കുള്ള ആണവ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. ഈ ആഴ്ച ആദ്യം യു.എന്‍ ജനറല്‍ അസംബ്ലിക്കിടെ മൂന്ന് രാജ്യങ്ങളും ഇറാനും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാല്‍ ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തി.
ജൂണിൽ ഇസ്രായേലും യു.എസും തങ്ങളുടെ നിരവധി ആണവ കേന്ദ്രങ്ങളിലും സൈനിക താവളങ്ങളിലും ബോംബിട്ട് തകർത്തതിനെത്തുടർന്ന് ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐ.എ.ഇ.എ) പരിശോധനകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, മുന്നോട്ടുള്ള വഴി കണ്ടെത്താൻ ഇറാൻ ഐ.എ.ഇ.എയുമായി ചർച്ചകൾ നടത്തിവരികയാണെങ്കിലും, ഉപരോധങ്ങൾ വീണ്ടും ഏർപ്പെടുത്തുന്നത് അത് അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ ആണവ നിർവ്യാപന ഉടമ്പടി പൂർണമായും ഉപേക്ഷിക്കുമെന്ന തന്റെ മുൻ നിലപാടിൽ നിന്ന് പെസെഷ്കിയൻ പിന്മാറിയതായാണ് വിവരം.
എന്നിരുന്നാലും, ആണവ സമ്പുഷ്ടീകരണ പരിപാടി സാധാരണ നിലയിലാക്കാൻ തെഹ്‌റാനിലെ ആണവ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകേണ്ടതുണ്ടെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഉപരോധങ്ങളിൽ നിന്ന് മൂന്ന് മാസത്തെ ഇളവിന് പകരമായി ഇറാന്റെ എല്ലാ സമ്പുഷ്ട യുറേനിയം ശേഖരവും കൈമാറണമെന്ന യു.എസ് ആവശ്യവും അദ്ദേഹം നിരസിച്ചു. ‘നമ്മളെ ഇത്തരമൊരു കെണിയിൽ അകപ്പെടുത്തുകയും ഓരോ മാസവും നമ്മുടെ കഴുത്തിൽ ഒരു കുരുക്ക് കെട്ടിവെക്കുകയും ചെയ്യുന്നത് എന്തിനാണ്’ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. യുകെ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ അംബാസഡർമാരെ കൂടിയാലോചനകൾക്കായി തിരിച്ചുവിളിക്കുകയാണെന്നും ഇറാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

