വെസ്റ്റ് ബാങ്കിൽ അധിനിവേശ കുടിയേറ്റ നിർമാണങ്ങൾ നിർത്തിവെക്കണമെന്ന് ബ്രിട്ടൻ
text_fieldsലണ്ടൻ: വെസ്റ്റ് ബാങ്കിൽ അധിനിവേശ കുടിയേറ്റ നിർമാണങ്ങൾ നിർത്തിവെക്കണമെന്ന് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ്. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറുമായി താൻ നേരിട്ട് ബന്ധപ്പെട്ടതായും കുടിയേറ്റ നിർമാണ പദ്ധതികൾ ഉടനടി നിർത്തിവെക്കണമെന്നും ടെൻഡർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടതായും മിലിബാൻഡ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ E1 മേഖലയിലെ സെറ്റിൽമെന്റ് പദ്ധതിക്കായി ഇസ്രായേൽ സർക്കാർ ടെൻഡർ ക്ഷണിച്ചതിലുള്ള യു.കെയുടെ കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇസ്രായേൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ടെൻഡർ ഉടനടി പിൻവലിക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിന്റെ ഈ നീക്കം സ്വീകാര്യമല്ലെന്നും വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞു. E1 ഫലസ്തീന്റെ ഹൃദയഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. ഇത് വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറുസലേമിൽ നിന്ന് വേർപെടുത്താൻ ഇടയാക്കും. ഇത് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ പ്രായോഗികതയെ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും ദീർഘകാല സുരക്ഷയും സമാധാനവും ഉറപ്പാക്കാനുള്ള ഏക വഴി ദ്വിരാഷ്ട്ര പരിഹാരമാണെന്ന തങ്ങളുടെ നിലപാടിൽ മാറ്റമില്ല. എല്ലാ കുടിയേറ്റങ്ങളും ആ സാധ്യതയെ തകർക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്നും മിലിബാൻഡ് പറഞ്ഞു.
കുടിയേറ്റ വിപുലീകരണവും ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളും ഫലസ്തീനികളുടെ അവസ്ഥ കൂടുതൽ വഷളാക്കുകയാണെന്നും, പരിഹരിക്കാൻ കഴിയാത്ത തരത്തിലുള്ള ഭിന്നതകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കുടിയേറ്റക്കാരുടെ അതിക്രമങ്ങളുടെ ആഘാതം ഫലസ്തീൻ സമൂഹത്തിന് വിനാശകരമാണ്. കുടിയേറ്റ വിപുലീകരണം സമാധാനത്തെയും സുരക്ഷയെയും പ്രായോഗികമായ ഒരു ഫലസ്തീൻ രാഷ്ട്രത്തിന്റെ സാധ്യതകളെയുമാണ് ഭീഷണിപ്പെടുത്തുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ തകർച്ച നോക്കിനിൽക്കില്ലെന്നും ബ്രിട്ടൻ അത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റ നിർമാണത്തെ കോടതിയിൽ ചോദ്യംചെയ്ത ഹർജിക്കാരെ അറിയിക്കാതെ 1,234 അനധികൃത സെറ്റിൽമെന്റ് യൂണിറ്റുകൾക്കായി ഇസ്രായേൽ ടെൻഡർ പുറത്തിറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

