ലണ്ടനിൽ ‘ഫലസ്തീൻ ആക്ഷന്‍റെ’ നിരോധനം ശരിവെച്ച് അപ്പീൽ കോടതി; ബ്രിട്ടീഷ് ചരിത്രത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഹുദ അമോരി
text_fieldsലണ്ടൻ: യു.കെയിലെ പ്രമുഖ മനുഷ്യാവകാശ-ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘പലസ്തീൻ ആക്ഷനെ’ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സർക്കാർ നടപടി നിയമപരമാണെന്ന് അപ്പീൽ കോടതി വിധി. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് കാണിച്ച് ഫെബ്രുവരിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി അപ്പീൽ കോടതി അസാധുവാക്കി. അഞ്ച് മുതിർന്ന ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ നിർണ്ണായക ഉത്തരവ്. വിധിക്കെതിരെ സുപ്രീം കോടതിയെയും യൂറോപ്യൻ മനുഷ്യാവകാശ കോടതിയെയും സമീപിക്കുമെന്ന് ഫലസ്തീൻ ആക്ഷൻ സഹസ്ഥാപക ഹുദ അമോരി വ്യക്തമാക്കി. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ഏറ്റവും വലിയ ആക്രമണമാണിതെന്ന് അവർ ആരോപിച്ചു.
സർക്കാർ നടപടി ന്യായമാണന്നാണ് എന്ന് ചീഫ് ജസ്റ്റിസ് സൂ കാർ വിധിയിൽ നിരീക്ഷിച്ചത്. നിരോധനം വലിയ വിവാദങ്ങൾക്കിടയാക്കിയെന്നും, അനേകം സാധാരണ പൗരന്മാർ സംഘടനയെ പിന്തുണയ്ക്കുന്നുണ്ടെന്നും കോടതി സമ്മതിച്ചു. അതേസമയം, കോടതി വിധി "അങ്ങേയറ്റം നിരാശാജനകം" എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിച്ചത്. ഭീകരവിരുദ്ധ നിയമങ്ങളുടെ ദുരുപയോഗമാണിതെന്നും മനുഷ്യാവകാശങ്ങൾക്കുനേരെയുള്ള വലിയ കടന്നുകയറ്റമാണെന്നും ആംനസ്റ്റി പ്രതികരിച്ചു.
ജനാധിപത്യപരമായ എതിർപ്പുകളെ അടിച്ചമർത്താനാണ് കോടതിയെ ഉപയോഗിക്കുന്നതെന്ന് 'ഡിഫൻഡ് അവർ ജൂറീസ്' പോലുള്ള സംഘടനകളും വിമർശിച്ചു. 2025 ജൂലൈയിൽ നിരോധനം നിലവിൽ വന്നശേഷം സംഘടനയുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം പേരെയാണ് യുകെയിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. വിധി വന്നതിന് പിന്നാലെ റോയൽ കോർട്ട്‌സ് ഓഫ് ജസ്റ്റിസിന് മുന്നിൽ പ്രതിഷേധിച്ചവരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

