യുബിസോഫ്റ്റ് സഹസ്ഥാപകന്‍ ക്ലോഡ് ഗില്ലെമോട്ട് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു
text_fieldsപാരിസ്: പ്രമുഖ വീഡിയോ ഗെയിം കമ്പനിയായ യുബിസോഫ്റ്റിന്റെ സഹസ്ഥാപകന്‍ ക്ലോഡ് ഗില്ലെമോട്ട്(69) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലാ ബോൾ മേഖലയിൽ വച്ചാണ് ക്ലോഡ് സഞ്ചരിച്ച വിമാനം തകർന്നു വീണത്. അദ്ദേഹത്തോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരാളും അപകടത്തിൽ മരിച്ചതായാണ് പ്രാഥമിക വിവരം. ക്ലോഡിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയതായി യുബിസോഫ്റ്റ് ശനിയാഴ്ചയിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ലാ ബോൾ വിമാനത്താവളത്തിലേക്ക് ലാന്‍ഡിങിനായി പോകവെയാണ് വിമാനം പെട്ടെന്ന് ചരിഞ്ഞ് താഴേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ടാമത്തെയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
1986ൽ തന്റെ നാല് സഹോദരന്മാർക്കൊപ്പമാണ് ക്ലോഡ് ഗില്ലെമോട്ട് യുബിസോഫ്റ്റ് സ്ഥാപിച്ചത്. പിന്നീട് ലോകത്തിലെ തന്നെ മുൻനിര വീഡിയോ ഗെയിം പബ്ലിഷർമാരിൽ ഒന്നായി മാറിയ കമ്പനി അസ്സാസിൻസ് ക്രീഡ്, ഫാർ ക്രൈ, റെയ്മാൻ തുടങ്ങിയ ജനപ്രിയ ഗെയിമുകൾക്ക് രൂപം നൽകി. 2007ൽ പുറത്തിറങ്ങിയ അസ്സാസിൻസ് ക്രീഡ് സീരീസിന് ലോകമെമ്പാടുമായി 20 കോടിയിലധികം യൂസർമാരുണ്ട്. അതേ സമയം ഫ്രഞ്ച് വീഡിയോ ഗെയിം വ്യവസായത്തിന് അതിന്റെ വഴികാട്ടികളിൽ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ അഫയേഴ്സ് ഫ്രഞ്ച് ജൂനിയർ മന്ത്രി ആൻ ലെ ഹെനാൻഫ് എക്സിൽ കുറിച്ചു. സമീപ വർഷങ്ങളിൽ യുബിസോഫ്റ്റ് തങ്ങളുടെ പ്രശസ്ത ഗെയിമിങ് ഫ്രാഞ്ചൈസികളെ അടിസ്ഥാനമാക്കി സിനിമ, ടെലിവിഷൻ പ്രോജക്റ്റുകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

