Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഗാസ ചുഴലിക്കാറ്റിൽ...

റഗാസ ചുഴലിക്കാറ്റിൽ മുങ്ങി ഹോങ്കോങ്; തായ്‌വാനിൽ മരണസംഖ്യ ഉയരുന്നു

text_fields
bookmark_border
റഗാസ ചുഴലിക്കാറ്റിൽ മുങ്ങി ഹോങ്കോങ്; തായ്‌വാനിൽ മരണസംഖ്യ ഉയരുന്നു
cancel

ഹോങ്കോങ്: ​ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ‘ടൈഫൂൺ റഗാസ’ വൻ നാശനഷ്ടങ്ങൾ വിതച്ച് കൊണ്ട് ഏഷ്യൻ രാജ്യങ്ങളിൽ ആഞ്ഞടിക്കുന്നു. ഫിലിപ്പീൻസിലെ ബടാനെസ്, ബാബുയാൻ ദ്വീപുകൾ, തായ്‌വാൻ, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം ചുഴലിക്കാറ്റിനെ തുടർന്ന് വലിയ നാശങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തായ്‌വാനിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ 14 മരണം റിപ്പോർട്ട് ചെയ്തു. തായ്‌വാനിലെ ഹുവാലിയൻ പ്രദേശ​ത്തെ തടാകങ്ങൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നഗരത്തിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തി. റഗാസ ചുഴലിക്കാറ്റിനെ തുടർന്ന് തിങ്കളാഴ്ച മുതൽ തായ്‌വാനിൽ കനത്ത മഴയായിരുന്നു.

ഹോങ്കോങ്ങിലെ ഏഷ്യൻ സാമ്പത്തിക കേന്ദ്രത്തിന്റെ തീരപ്രദേശങ്ങളിലും കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഇതോടെ ഹോങ്കോങ്ങിലെ റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ദ്വീപിന്റെ തെക്കുഭാഗത്തുള്ള ഫുള്ളെർട്ടൺ ഹോട്ടലിന്റെ ഗ്ലാസ് വാതിലുകൾ തകർത്ത് കടൽവെള്ളം അകത്തേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

ഭൂരിഭാഗവും കടൽ നികത്തിയെടുത്ത് നിർമിച്ച ഹോങ്കോങ്ങിലെ ട്യൂങ് ക്വാൻ ഓ പ്രദേശത്തും കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഇത് പ്രദേശത്തെ നടപ്പാതകളെ മുഴുവൻ വെള്ളത്തിനടിയിലാക്കി. നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന ലന്റാവു പോലുള്ള ദ്വീപുകളിലും വ്യാപകമായ വെള്ളപ്പൊക്കം കാണപ്പെട്ടു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുന്ന റഗാസയുടെ അടുത്ത ലക്ഷ്യം ഹോങ്കോങ്ങിൽ നിന്ന് മാറി ഏകദേശം 100 കിലോമീറ്റർ അപ്പുറത്തുള്ള തെക്ക് ഭാഗമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

റഗാസയുടെ പശ്ചാത്തലത്തിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ തിങ്ങിക്കൂടിയത് ഹോങ്കോങ്ങിൽ പരിഭ്രാന്തിക്ക് കാരണമായി. രണ്ട് ദിവസത്തേക്ക് കടകൾ അടച്ചിടുമെന്ന ഭയത്തിൽ സൂപ്പർമാർക്കറ്റുകളിലെത്തിയ ജനങ്ങൾ വൻ തിരക്ക് സൃഷ്ടിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ജനലുകൾ പൊട്ടി വീഴാതിരിക്കാൻ ടേപ്പുകൾ ഒട്ടിച്ചും ജനങ്ങൾ മുൻകരുതലെടുത്തു.

ബുധനാഴ്ച രാവിലെ ഹോങ്കോങ്ങിൽ ഏറ്റവും ഉയർന്ന അപകടസൂചനയായ ടൈഫൂൺ സിഗ്നൽ പത്താണ് പുറപ്പെടുവിച്ചത്. തുടർന്ന് വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും അടച്ചിടാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി. അതിനിടെ കടൽ കാണാൻ പോയ സ്ത്രീയും അവരുടെ അഞ്ചുവയസുള്ള മകനും തിരമാലയിൽ അകപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വിവിധ ജില്ലകളിലായി സർക്കാർ ഏർപ്പെടുത്തിയ 49 താൽക്കാലിക ഷെൽട്ടറുകളിൽ 727 പേർ അഭയം തേടിയിട്ടുണ്ട്. ഹോങ്കോങ് ​സ്റ്റോക്ക് എക്സ്ചേഞ്ചിനെ ചുഴലിക്കാറ്റ് ബാധിക്കില്ലെന്ന് അറിയിച്ചു. കഴിഞ്ഞ വർഷത്തെ പരിഷ്‍കരണത്തിൽ ഏത് കാലാവസ്ഥയിലും കച്ചവടം നടത്തണമെന്ന് തീരുമാനിച്ചതിനെ തുടർന്നാണിത്.

റഗാസ ക്ഷീണിക്കില്ല

ചൈനയിലെ 125 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗ്വാങ്ഡോങ് പ്രവിശ്യയിലേക്ക് നീങ്ങുന്ന റഗാസക്ക് സൂപ്പർ ടൈഫൂൺ തീവ്രത നിലനിർത്താൻ സാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയോടെ ഗ്വാങ്ഡോങ് തീരത്ത് റഗാസ കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഫിലിപ്പീൻസിലൂടെയും ചൊവ്വാഴ്ച തായ്‌വാനിലൂടെയുമാണ് റഗാസ കടന്നുപോയത്.

2017ലെ ടൈഫൂൺ ഹാറ്റോ, 2018 ലെ ടൈഫൂൺ മാങ്ക്ഖുട്ട് എന്നിവയുണ്ടാക്കിയതിന് സമാനമായ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് കടലിലെ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉച്ചയോട് കൂടി കടലിലെ വെള്ളം പതിമൂന്ന് അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.

റഗാസ മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങൾ

ഹോങ്കോങ്ങിന് സമീപമുള്ള ചൂതാട്ട കേന്ദ്രമായ മക്കാവുവിലും ടൈഫൂൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേതുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം മുതൽ മക്കാവുവിലെ കസിനോകൾ അടച്ചിട്ടിട്ടുണ്ട്. കൂടാതെ ഗ്വാങ്ഡോങ്ങിലുള്ള 7,70,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്കൂളുകളും ഹൈ-സ്പീഡ് റെയിലുകളും ഉൾപ്പെടെയുള്ള ഗതാഗത സേവനങ്ങളും നിർത്തലാക്കി. ഗ്വാങ്ഷൗ, ഷെൻഷെൻ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളും റദ്ദാക്കി. ഏകദേശം 50 ദശലക്ഷം ആളുകളാണ് ഈ നഗരങ്ങളിൽ താമസിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി ചൈനീസ് സർക്കാർ ആയിരക്കണക്കിന് ടെന്റുകളും മറ്റ് സാമഗ്രികളും വിതരണം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.



തായ്‌വാനിൽ റഗാസ ടൈഫൂണിനെ തുടർന്ന് തങ്ങളുടെ സാധനങ്ങളും വളർത്തുനായയുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ.




അതിശക്തമായ മഴക്കൊപ്പം കടലാക്രമണ ഭീഷണിയും

ടൈഫൂൺ റഗാസ വിവിധ മേഖലകളിൽ കനത്ത നാശമാണ് വിതയ്ക്കുന്നത്. ഇവിടങ്ങളിലെ തീരപ്രദേശങ്ങളിൽ അതിശക്തമായ തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ടൈഫൂൺ റഗാസയുടെ പശ്ചാത്തലത്തിൽ 315 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ഉണ്ടാക്കുമെന്നും, തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും കാറ്റിന്റെ ശക്തി കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taiwanWeatherhong kongdisasterTyphoonChina
News Summary - Typhoon Ragasa takes aim at China after leaving 14 dead in Taiwan, lashing Hong Kong
Next Story