കൊലയാളികൾ തന്നെ സമ്മതിച്ചു; മരിച്ചത് മുഴുവൻ സാധാരണക്കാർ
text_fieldsഗസ്സയിലെ മരണ നിരക്ക് ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ പെരുപ്പിച്ച കണക്കാണെന്ന ഇസ്രായേലിന്‍റെയും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളുടെയും വാദങ്ങളെ ഐ.ഡി.എഫ് തന്നെ ഖണ്ഡിക്കുന്നു.
ഏതാനും ആഴ്ചകൾക്കുമുമ്പ് ‘ദി ഗാർഡിയൻ’ പുറത്തുവിട്ട ഐ.ഡി.എഫിന്‍റെ മിലിറ്ററി ഇന്‍റലിജൻസ് ഡേറ്റാബേസിലെ രഹസ്യ റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്. ഈ റിപ്പോർട്ട് പ്രകാരം ഗസ്സയിൽ കൊല്ലപ്പെട്ട ആറുപേരിൽ അഞ്ചും സിവിലിയന്മാരാണ്. ഈ വർഷം മേയ് വരെയുള്ള ഐ.ഡി.എഫ് കണക്കുപ്രകാരം ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവയുമായി ബന്ധപ്പെട്ട 8,900 പേരാണ് കൊല്ലപ്പെട്ടത്. ഇതും സുവ്യക്തമായ കണക്കല്ല, കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന ഉപാധിയോടെയാണ് ഐ.ഡി.എഫ് റിപ്പോർട്ടിൽ ഈ ഭാഗമുള്ളത്.
സ്വാഭാവികമായും ശത്രുസൈന്യം കുറച്ച് കൂട്ടിപ്പറയുമെന്ന് കരുതിയാൽ പോലും ഈ കണക്ക് പ്രകാരം 83 ശതമാനം മരണവും സാധാരണക്കാരുടേതാണ്. സായുധ സംഘാംഗങ്ങൾ എന്ന് ഐ.ഡി.എഫ് വിശേഷിപ്പിച്ച 8,900 ആൾക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച സ്ഥിരീകരണം മറുവശത്തുനിന്ന് ഉണ്ടായിട്ടില്ല.
ഇസ്രായേലിന്റെ ഗസ്സ യുദ്ധം: 2023 ഒക്ടോബർ 7 - 2025 ഒക്ടോബർ 1
- കുറഞ്ഞത് 66,148 ഫലസ്തീനികൾ ഇസ്രായേൽ
- ആക്രമണത്തിൽ കൊല്ലപ്പെട്ടു
- ആയിരങ്ങൾ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ
- പരിക്കേറ്റവർ 1,68,716
- 440 പേർ വിശപ്പുമൂലം മരിച്ചു.
- ഇതിൽ 147 കുട്ടികൾ
- ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതിന് ശേഷം 2025 മാർച്ച് 18 - ഒക്ടോബർ 1 കാലയളവിൽ 13,280 പേർ കൊല്ലപ്പെട്ടു
- പരിക്കുകൾ കാരണമോ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടോ മരിച്ചത് 1,000 പേർ.
വെടിനിർത്തലിനിടെ മരിച്ചവർ
2025 ജനുവരി 19 - മാർച്ച് 17
- 170 പേർ കൊല്ലപ്പെട്ടു
- പരിക്കുകൾ കാരണമോ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടോ മരിച്ചത് 2,200 പേർ.
വെടിനിർത്തലിന് മുൻപ്
- 2023 ഒക്ടോബർ 7 - 2025 ജനുവരി 18
- 46,913 പേർ കൊല്ലപ്പെട്ടു
(അവലംബം: ഫലസ്തീൻ ആരോഗ്യ മന്ത്രാലയം, ഗസ സർക്കാർ മീഡിയ ഓഫീസ് | 2025 ഒക്ടോബർ 1)
സാധാരണക്കാരുടെ പരിക്കെല്ലാം യുദ്ധമുഖത്ത് പട്ടാളക്കാർക്ക് ഏൽക്കുന്ന മട്ടിലുള്ളവ
പ്രഫഷനൽ സൈനികർക്ക് യുദ്ധമുഖത്ത് ഏൽക്കുന്ന പരിക്കിന് തുല്യമായ ക്ഷതങ്ങളാണ് സാധാരണക്കാർക്ക് ഗസ്സയിൽ ഏൽക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്‍റെ കണ്ടെത്തൽ. കൊല്ലാനായി സൈനികർ പരസ്പരം വെടിവെക്കുന്നതുപോലെ നിരായുധരായ സാധാരണക്കാർക്കു നേരെ ഐ.ഡി.എഫ് വെടിവെക്കുകയാണ് എന്നാണ് ഇതോടെ വ്യക്തമാകുന്നത്.
സാധാരണ ഗതിയിൽ ഇത്തരം സംഘർഷ മേഖലകളിൽ സിവിലിയൻ ജനതക്ക് ഏൽക്കുന്ന വെടിയുണ്ടകൾ കൂടുതലും കാലുകളിലായിരിക്കും. പക്ഷേ, കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ മുന്നിൽ കാണുന്നവരുടെയെല്ലാം നെഞ്ചിലും തലയിലും ഉന്നം പിടിക്കുകയാണ് ഐ.ഡി.എഫ്. കുട്ടികൾക്കുവരെ തലയിൽ പരിക്കേറ്റിട്ടുണ്ട്.
ചിലർക്ക് സംഭവിച്ച പരിക്കുകൾ യുദ്ധമുഖത്തുണ്ടാകുന്നതിലും മാരകമാണെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. പക്ഷേ, പരിക്കുകളോടെ അതിജീവിച്ചവരുടെ കണക്കുകൾ മാത്രമാണ് ഈ സംഘം പരിശോധിച്ചത്. മൃതദേഹങ്ങൾ പരിശോധിക്കാനുള്ള പോസ്റ്റ്മോർട്ടം സംവിധാനമൊന്നും ഗസ്സയിൽ ഇല്ലാത്തതിനാൽ യഥാർഥ ചിത്രം ഇതിലും ഭീകരമാകുമെന്ന് ഉറപ്പാണ്. ബ്രിട്ടൻ, യു.എസ്, കാനഡ, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിൽ നിന്നുള്ള 22 എൻ.ജി.ഒകളിലെ 78 വിദഗ്ധ ഡോക്ടർമാരാണ് ഈ പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

