50 ടൺ ചീസും 5,000 ഗ്യാലൻ മയോണൈസും അനധികൃതമായി സമ്പാദിച്ച രണ്ട് സ്ത്രീകൾക്ക് ജയിൽ ശിക്ഷ
text_fieldsവാഷിങ്ടൺ: ഉയർന്ന അളവിൽ ചീസ്, മയോണൈസ് മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ അനധികൃതമായി സമ്പാദിച്ചതിന് യു.എസിൽ രണ്ട് സ്ത്രീകൾക്ക് ജയിൽ ശിക്ഷ വിധിച്ചു. ടെക്‌സാസിലെ ബ്രൗൺസ്‌വില്ലിൽ നിന്നുള്ള അന റിയോജയും മരിയ കോൺസുലോ ഡി യുറേനോയുമാണ് 1.2 മില്യൺ ഡോളറിന്റെ ഫുഡ് സ്റ്റാമ്പ് തട്ടിപ്പ് നടത്തിയത്. ഇരുവരും കോടതിയിൽ കുറ്റം സമ്മതിച്ചു.
ഇരുവരും ചേർന്ന് 1.2 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ചീസ്, ബീൻസ്, കാപ്പി, ഉരുളക്കിഴങ്ങ് എന്നിവ ലഭിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുകയും അവ യു.എസ് അതിർത്തിയിലേക്ക് കടത്തി വിൽക്കുകയും ചെയ്തുവെന്നാണ് കേസ്.
അഞ്ച് വർഷം മുമ്പാണ് രണ്ട് പേരും ചേർന്ന് തട്ടിപ്പ് തുടങ്ങിയത്. ഈ സമയത്ത് ദമ്പതികൾ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് മാത്രം നൽകുന്ന സ്നാപ് ഫുഡ് സ്റ്റാമ്പുകൾ കൈക്കലാക്കിയാണ് അനധികൃതമായി ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചത്. 713 അനധികൃത ഇടപാടുകളാണ് നൂറുകണക്കിന് ഉപഭോക്താക്കളുടെ ഫുഡ് സ്നാപ്പുകൾ ഉപയോഗിച്ച് ഇരുവരും ചേർന്ന് നടത്തിയത്.
49.1 ടൺ അമേരിക്കൻ ചീസ് സ്ലൈസുകൾ, 22.3 ടൺ പിന്റോ ബീൻസ്, 1.6 ടൺ ഫോൾജേഴ്സ് കോഫി, 5,000 ഗാലൻ മയോണൈസ് എന്നിവ ഇരുവരും ചേർന്ന് അനധികൃതമായി വാങ്ങിയതായി അധികൃതർ കണ്ടെത്തി. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷനും കൃഷി വകുപ്പും ചേർന്ന് 2016 സെപ്റ്റംബറിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാൽ അഴിമതിയുടെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ വർഷങ്ങൾ സമയമെടുക്കേണ്ടി വന്നു. റിയോജയ്ക്ക് 30 മാസത്തെ തടവും യുറേനോയ്ക്ക് 37 മാസത്തെ തടവിനുമാണ് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

