Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രംപിന്‍റെ അവകാശവാദം പൊളിയുന്നു, തിരിച്ചടി ശക്തമാക്കി ഇറാൻ; യു.എസിന്‍റെ രണ്ടു പോർവിമാനങ്ങളും കോപ്ടറുകളും തകർത്തു; പൈലറ്റിനായി തിരച്ചിൽ

text_fields
bookmark_border
US Iran War
cancel

തെഹ്റാൻ: സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾക്കിടെ, തിരിച്ചടി ശക്തമാക്കി ഇറാൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എസിന്‍റെ രണ്ടു അത്യാധുനിക യുദ്ധ വിമാനങ്ങൾ ഇറാൻ തങ്ങളുടെ വ്യോമമേഖലയിൽ തകർത്തു.

വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി രക്ഷപ്പെട്ട മൂന്നു പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ രണ്ടുപേരെ ഇറാന്റെ ഭൂപ്രദേശത്ത് നിന്ന് യു.എസ് സ്‌പെഷൽ ഫോഴ്‌സ് കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. എന്നാൽ, ഒരു പൈലറ്റിനെ ഇതുവരെ കണ്ടെത്താനായില്ല. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ടു ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ ആക്രമിച്ചു. എന്നാൽ, ഈ കോപ്ടറുകൾ ഇറാൻ വ്യോമാതിർത്തി കടന്ന് രക്ഷപ്പെട്ടതായി യു.എസ് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പൈലറ്റിനെ കണ്ടെത്താനായി മധ്യ ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ അമേരിക്കൻ വിമാനങ്ങൾ താഴ്ന്നു പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കറൂൺ നദിക്ക് മുകളിലുള്ള പാലത്തിന് സമീപം സൈനിക ഹെലികോപ്റ്ററുകളും വിമാനങ്ങളും നിരീക്ഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന വിമാനങ്ങൾക്കുനേരെ ഇറാനും ആക്രമണം ശക്തമാക്കി. കാണാതായ പൈലറ്റിനായുള്ള യു.എസ് സേനയുടെ തിരച്ചിലിന് തടസ്സമാകാതിരിക്കാൻ ഇറാനിലെ സൈനിക ആക്രമണങ്ങൾ ഇസ്രയേൽ തത്കാലത്തേക്ക് നിർത്തിവെച്ചു.

ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത സൈനികാക്രമണം തുടങ്ങിയതു മുതൽ യു.എസിനുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്. അമേരിക്കയിൽ യുദ്ധത്തിനുള്ള പിന്തുണ കുറഞ്ഞുവരുന്നതിനിടെയാണ് തിരിച്ചടികളും. യുദ്ധത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളെ സംബന്ധിച്ച് ട്രംപ് ഭരണകൂടം വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. അതിനിടെ, യു.എസ് സുഹൃത്തു രാജ്യം വഴി 24 മണിക്കൂർ വെടിനിർത്തലിന് അഭ്യർഥിച്ചതായി ഇറാൻ അവകാശപ്പെട്ടു. രണ്ടു സീറ്റുള്ള അമേരിക്കയുടെ അഞ്ചാം തലമുറ F-15 സ്‌ട്രൈക്ക് ഈഗിൾ പോർവിമാനമാണ് വെള്ളിയാഴ്ച രാവിലെ ഇറാൻ റവലൂഷനറി ഗാർഡിന്‍റെ (ഐ.ആർ.ജി.സി) വ്യോമ പ്രതിരോധ സംവിധാനം തകർത്തത്.

തകർന്നു വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇറാൻ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ എ -10 വാർത്ത്‌ഹോഗ് പോർവിമാനവും ഇറാന്‍റെ തിരിച്ചടിയിൽ കുവൈത്തിൽ തകർന്നുവീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. കാണാതായ പൈലറ്റുമാരെ കണ്ടെത്തുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ ആക്രമിച്ചു. മൂന്നു പൈലറ്റുമാരിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ പൈലറ്റിനെ ജീവനോടെ പിടികൂടാനുള്ള ശ്രമങ്ങൾ ഇറാനും ഊർജിതമാക്കി. പൈലറ്റിനെ കണ്ടെത്തുന്നവർക്ക് ഇറാൻ ഭരണകൂടം വലിയ പാരിതോഷികം പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്. വൈറ്റ് ഹൗസിലെത്തി സൈനിക നേതൃത്വം ട്രംപിനെ കാര്യങ്ങൾ ധരിപ്പിച്ചു. പെന്റഗണും യു.എസ് സെൻട്രൽ കമാൻഡും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കക്കും ഇസ്രായേലിനും ഇറാനുമുകളിൽ സ്വതന്ത്രമായി പറക്കാൻ കഴിവുണ്ടെന്നും ഇറാന് പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്നും ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും പലതവണ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം ദുർബലപ്പെടുത്തുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two US warplanes down, 2 choppers hit by Iran in 24 hours despite Trump's warnings
Next Story