പാകിസ്താനിൽ രണ്ടു സിഖുകാർ കൊല്ലപ്പെട്ടു, ശക്തമായ പ്രതിഷേധവുമായി ഇന്ത്യ
text_fieldsപെഷാവർ: പാകിസ്താനിൽ രണ്ടു സിഖ് വ്യാപാരികളെ അജ്ഞാത സംഘം വെടിവെച്ചുകൊന്നു. വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ പ്രവിശ്യയിലാണ് സംഭവം. വെടിയേറ്റ സൽജീത് സിങ് (42), രഞ്ജീത് സിങ് (38) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഞായറാഴ്ച പുലർച്ച രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ഇവർക്കുനേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.
സുഗന്ധ വ്യഞ്ജനവ്യാപാരികളായ ഇരുവർക്കും പെഷാവറിനു 17കി.മീ. അകലെയുള്ള താൽ ബസാറിൽ കടകളുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കൊലപാതകത്തെ അപലപിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് എത്രയും വേഗം പ്രതികളെ പിടികൂടാൻ ഖൈബർ പഖ്തൂൻഖ മുഖ്യമന്ത്രി മഹ്മൂദ്ഖാന് നിർദേശം നൽകി.
സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗങ്ങൾ നിരന്തരം ലക്ഷ്യംവെക്കപ്പെടുന്നതിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗാചി സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്നും ഇന്ത്യ ആവശ്യമുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

