ക്ഷീണിച്ച വിളറിയ മുഖം, തലയോട്ടിയുടെ ഒരു ഭാഗം നീക്കി... ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിന്റെ പ്രതീകമായി തടങ്കലിൽ നിന്ന് മോചിതനായ ഫലസ്തീൻ മാധ്യമപ്രവർത്തകന്റെ ചിത്രങ്ങൾ
text_fieldsഗസ്സ: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നരനായാട്ടിന്റെ നേർചിത്രമായി, ഇസ്രയേൽ തടങ്കലിൽ നിന്ന് മോചിതനായ ഫലസ്തീൻ മാധ്യമപ്രവർത്തകൻ മുജാഹിദ് ബാനി മുഫ്‌ലിഹിന്റെ തടങ്കലിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ. തടവിലാകുന്നതിന് മുമ്പുള്ള ആരോഗ്യവാനായ രൂപവും മോചനത്തിന് ശേഷമുള്ള രൂപവുമാണ് പങ്കുവെച്ചത്. മോചിതനായതതിന് ശേഷമുള്ള ചിത്രത്തിൽ ക്ഷീണിച്ച, വിളറിയ, തലയോട്ടിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയ തിരിച്ചറിയാൻ പോലുമാകാത്ത മുജാഹിദ് ബാനി മുഫ്‌ലിഹിനെ കാണാം.
ഫലസ്തീൻ തടവുകാരോട് ഇസ്രായേൽ പെരുമാറുന്നതെങ്ങനെ എന്നതിന്റെ തെളിവാണ് ബാനി മുഫ്‌ലിഹിന്റെ ചിത്രമെന്ന് ഫലസ്തീനിയൻ പ്രിസണർ സൊസൈറ്റി വിശേഷിപ്പിച്ചു. അനഡോലു ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, 2025 ജൂണിൽ വിചാരണയില്ലാതെയാണ് ഭരണ തടങ്കൽ നിയമപ്രകാരം മുഫ്‌ലിഹിനെ ഇസ്രയേൽ അറസ്റ്റ് ചെയ്തത്. 2026 ജനുവരിയിൽ മോചിതനായ അദ്ദേഹത്തിന് രണ്ട് ദിവസത്തിനകം ഗുരുതരമായ മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയും തുടർന്ന് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും ചെയ്തതായി സംഘടന അറിയിച്ചു. തടവറയിൽ പീഡനവും ആവശ്യമായ ചികിത്സ ലഭിക്കാത്തതുമാണ് ആരോഗ്യനില വഷളാക്കാൻ കാരണമായത്. ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്തു. അദ്ദേഹം ഇനിയും കൂടുതൽ കാലം ചികിത്സയിൽ തുടരേണ്ടിവരുമെന്നും ഏജൻസി പറയുന്നു.
ജയിൽ മോചിതനായതിന് പിന്നാലെ, കസ്റ്റഡിയിൽ കഴിയുമ്പോൾ താൻ അനുഭവിച്ച ക്രൂര പീഡനത്തെക്കുറിച്ച് ബാനി മുഫ്‌ലിഹ് വിവരിച്ചിരുന്നു. ‘ഒരു കഷ്ണം റൊട്ടി എങ്ങനെയാണ് ഒരു സ്വപ്നമായി മാറുന്നതെന്നും, തണുത്ത ഒരു തുള്ളി വെള്ളം എങ്ങനെയാണ് ആകാശത്തുനിന്ന് വീഴുന്ന അനുഗ്രഹമായി തോന്നുന്നതെന്നും ഞാൻ തിരിച്ചറിഞ്ഞു’ -അദ്ദേഹം പറയുന്നു.
‘ഒരു കഷ്ണം റൊട്ടി വിദൂര സ്വപ്നമായി മാറുമ്പോൾ വിശപ്പിന്റെ യഥാർഥ അർഥം ഞാൻ മനസ്സിലാക്കി. ദൈനംദിന ജീവിതത്തിലെ ഏറ്റവും അടിസ്ഥാനകാര്യങ്ങൾ പോലും ഇല്ലാതാക്കി, ജയിൽ അധികാരികളുടെ നിയന്ത്രണത്തിൽ പൂർണമായും കഴിഞ്ഞപ്പോൾ അപമാനത്തിന്റെ അർഥം ഞാൻ മനസിലാക്കി. കഷ്ടപ്പാടുകളുടെയും ഉത്കണ്ഠയുടെയും ഭയത്തിന്റെയും ഭാരം പേറുന്ന മണിക്കൂറുകൾ നീളുന്ന രാത്രികളുടെ ക്രൂരത അനുഭവിച്ചു. വയറുനിറയെ ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, സഞ്ചാരസ്വാതന്ത്ര്യം, സമാധാനത്തോടെയുള്ള സുരക്ഷിതമായ ഉറക്കം, അന്തസ്സോടെ ജീവിക്കാനുള്ള കഴിവ് തുടങ്ങിയവ ഉൾപ്പെടെയുള്ള ആവശ്യങ്ങളുടെ യഥാർഥ വില തടവറയിലെ ദിനങ്ങളിലൂടെ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. മെഗിദ്ദോ, നെഗേവ് ജയിലുകൾ ഉൾപ്പെടെ നിരവധി തടങ്കൽ കേന്ദ്രങ്ങളിലേക്ക് തന്നെ മാറ്റിയതായും കസ്റ്റഡിയിലിരിക്കെ രണ്ട് സഹതടവുകാരുടെ മരണത്തിന് താൻ സാക്ഷിയായെന്നും മൂന്ന് കുട്ടികളുടെ പിതാവായ ബാനി മുഫ്‌ലിഹ് കൂട്ടിച്ചേർത്തു.
മുഫ്‌ലിഹിന്റെ കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഫലസ്തീൻ തടവുകാർ പീഡനം, പട്ടിണി, മതിയായ ചികിത്സ നിഷേധിക്കൽ, ശാരീരികവും മാനസികവുമായ ദുരുപയോഗം എന്നിവ നേരിടുന്നുവെന്നും ഫലസ്തീനിയൻ പ്രിസണർ സൊസൈറ്റി പറഞ്ഞു. നിരവധി മുൻ തടവുകാരെയും ഇത്തരത്തിൽ ക്രൂരമായി മർദിച്ചതിന് ശേഷം വിട്ടയച്ചിട്ടുണ്ടെന്നും വീണ്ടും തടവിലായേക്കാമെന്ന ഭയം മൂലം പലരും പുറത്തുപറയാറില്ലെന്നും സൊസൈറ്റി പറഞ്ഞു. 2023 ഒക്ടോബറിൽ ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ 245 ഫലസ്തീൻ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. മാധ്യമ പ്രവർത്തകർക്കെതിരായ വ്യാപകമായ അടിച്ചമർത്തലിന്റെ ഭാഗമാണ് തടങ്കലുകളെന്നും അവർ വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

