യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; പ്രതിയായ മലയാളി യുവതി അറസ്റ്റിൽ
text_fieldsഹൂസ്റ്റൺ: അമേരിക്കയിലെ കാലിഫോർണിയയിൽ ഒന്നര മണിക്കൂറിനിടെ രണ്ട് മലയാളി സുഹൃത്തുക്കളെ വ്യത്യസ്ത രീതിയിൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മലയാളി യുവതി അറസ്റ്റിൽ. അനില ബേബിയുടെ (32) അറസ്റ്റാണ് കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയത്. തൃശൂർ മണ്ണുത്തി മുടിക്കോട് സ്വദേശിനി അഞ്ജന ഹരി (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ മേരി മാത്യു (35) എന്നിവരാണ് ആഗസ്റ്റ് 28ന് കൊല്ലപ്പെട്ടത്. ഒരാളെ കഴുത്തുഞെരിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരാളെ കാറിടിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
കാലിഫോർണിയയിലെ സൗത്ത് ബേ മേഖലയിലുള്ള സാൻ ഹൊസെയിലും മിൽപിറ്റാസിലുമായിട്ടായിരുന്നു സംഭവങ്ങൾ. ഇരു നഗരങ്ങളും തമ്മിൽ 20 കിലോമീറ്ററിൽ താഴെ മാത്രമാണ് അകലം. രണ്ട് കൊലപാതകങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തിയ അന്വേഷണസംഘം അനില ബേബിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.
സംഭവദിവസംതന്നെ പിടികൂടിയ അനിലക്കെതിരെ ആദ്യം മിൽപിറ്റാസിലെ കൊലപാതകത്തിനാണ് കുറ്റം ചുമത്തിയത്. ആൻ മേരി മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ എട്ടിന് മറ്റൊരു കൊലക്കുറ്റവും ചുമത്തി. സംഭവങ്ങളുടെ കാരണവും സാഹചര്യങ്ങളും അന്വേഷിച്ചുവരുകയാണെന്ന് സാൻ ഹൊസെ പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം, സാന്റ ക്ലാര കൗണ്ടി കോടതിയിൽ വ്യാഴാഴ്ച ആദ്യമായി ഹാജരാക്കിയ അനിലയെ നവംബർ 17ന് വീണ്ടും കോടതിയിൽ ഹാജരാക്കും. അന്ന് കുറ്റം സമ്മതിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയിക്കാൻ അവസരം ലഭിച്ചേക്കും. ആഗസ്റ്റ് 28ന് സാൻ ഹൊസെയിലെ ലിൻഡ വിസ്റ്റ സ്ട്രീറ്റിലുള്ള ആൻ മേരിയുടെ വീട്ടിലായിരുന്നു ആദ്യ കൊലപാതകം. അപ്രതീക്ഷിതമായി ഒരാൾ ആൻ മേരിയുടെ വീട്ടിലെത്തിയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. പിന്നീട് ഭർത്താവാണ് ആൻ മേരിയെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തുഞെരിക്കുകയും കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുത്തേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ആൻ മേരി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.ഏകദേശം 90 മിനിറ്റിനുശേഷം മിൽപിറ്റാസിലെ അപ്പാർട്മെന്റ് സമുച്ചയത്തിന്റെ പാർക്കിങ് സ്ഥലത്തേക്ക് അനില അഞ്ജന ഹരിയെ വിളിച്ചുവരുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇരുവരും ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിലായിരുന്നു താമസം. അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കളും പരിചയക്കാരും പറഞ്ഞു. അനിലയുടെ കാറിനു സമീപത്തേക്ക് അഞ്ജന സൗഹൃദഭാവത്തോടെ നടന്നെത്തിയതായി ദൃക്സാക്ഷികൾ മൊഴി നൽകി. വാഹനത്തിന് മുന്നിലെത്തിയപ്പോൾ കാർ പെട്ടെന്ന് വേഗംകൂട്ടി അഞ്ജനയെ ഇടിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തുടർന്ന് അനില അപ്പാർട്മെന്റ് സമുച്ചയത്തിൽനിന്ന് രക്ഷപ്പെടുന്നതിനിടെ മറ്റു മൂന്ന് വാഹനങ്ങളിലും ഇടിച്ചു.
സംഭവസ്ഥലത്തുനിന്ന് ഏകദേശം 1.6 കിലോമീറ്റർ അകലെയുള്ള ഫാർമസിക്കു പുറത്ത് നീല നിറത്തിലുള്ള ടൊയോട്ട വാഹനം പൊലീസ് പിന്നീട് കണ്ടെത്തി. വാഹനമോടിച്ചിരുന്നത് അനിലയാണെന്ന് തിരിച്ചറിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

