ഗസ്സ വംശഹത്യയിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത മാനസിക സമ്മർദം; രണ്ട് ഇസ്രായേലി സൈനികർ ജീവനൊടുക്കി
text_fieldsതെൽ അവീവ്: ഗസ്സ വംശഹത്യയിൽ പങ്കെടുത്ത രണ്ട് ഇസ്രായേൽ സൈനികർ ബുധനാഴ്ച വൈകുന്നേരം മണിക്കൂറുളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. തെൽ അവീവിന് വടക്കുള്ള നെതന്യയിലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളുടെ തെക്കൻ മേഖലയിലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗസ്സ വംശഹത്യയിൽ പങ്കെടുത്തതിനെത്തുടർന്ന് സൈനികർ കടുത്ത മാനസിക പ്രതിസന്ധി നേരിട്ടിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഗസ്സയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ സൈനികർക്കിടയിലെ ആത്മഹത്യാ കേസുകൾ വർധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ഈ വർഷം ആരംഭിച്ചതിനുശേഷം 21 ആത്മഹത്യാ കേസുകൾ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. യുദ്ധത്തിന് മുമ്പ് ഇതേ കാലയളവിൽ 12 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.
യുദ്ധത്തിൽ പങ്കെടുത്ത സൈനികർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗസ്സയിൽ തുടരുന്ന സൈനിക നടപടികളും മാനുഷിക പ്രതിസന്ധിയും
ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളും കരയുദ്ധവും വ്യാപകമായ നാശനഷ്ടങ്ങൾക്കും സാധാരണ ജനങ്ങളുടെ ദുരിതങ്ങൾക്കും കാരണമായിട്ടുണ്ട്. ജനവാസ മേഖലകളിലെ ആക്രമണങ്ങൾ, വീടുകളുടെയും ആശുപത്രികളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും തകർച്ച, ആവർത്തിച്ചുള്ള കുടിയൊഴിപ്പിക്കൽ, അവശ്യ വസ്തുക്കളുടെ തടയൽ എന്നിവ ഗസ്സയിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
ഇതിനോടകം ഗസ്സയിലെ സൈനിക നടപടികളെച്ചൊല്ലി അന്താരാഷ്ട്ര തലത്തിൽ നിയമപരവും മാനുഷികവുമായ ആശങ്കകളും ഉയർന്നിട്ടുണ്ട്. സാധാരണക്കാർക്ക് നേരെയുള്ള സൈനിക നടപടിയും ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള നിരന്തര ആക്രമണങ്ങളും ഇതിനോടകം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

