കാനഡയിൽ രണ്ട് ഇന്ത്യൻ വംശജരെ വെടിവെച്ചുകൊന്നു; മുൻകൂട്ടി തീരുമാനിച്ച ആക്രമണമെന്ന് സംശയം
text_fieldsപ്രതീകാത്മക ചിത്രം
ഒട്ടാവ: കാനഡയിൽ വാൾമാർട്ട് സ്റ്റോറിന് മുന്നിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. നവംബർ 15 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ നഗരത്തിലായിരുന്നു സംഭവം. ഗഗൻപ്രീത് (ഗാരി) റഹൽ (23), സുഖ്ജീത് കൗർ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമണം ഇരുവരെയും ലക്ഷ്യമിട്ടുള്ളതാണെന്നും സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു.
സറേയിലെ 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള വാൾമാർട്ട് പാർക്കിങ് ഏരിയയിൽ രാത്രി 10.38ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ നിലയിൽ കണ്ടെത്തിയ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ ഡെൽറ്റ ടൗൺഷിപ്പിലെ താമസക്കാരായിരുന്നു ഇരുവരും. വെടിവെപ്പിന് പിന്നാലെ സമീപത്തെ പ്രിൻസസ് ഡ്രൈവിൽ കാർ കത്തിയ നിലയിൽ കണ്ടെത്തിയതും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. രാത്രി 10.51ഓടെയാണ് കത്തുന്ന വാഹനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ആക്രമണത്തിന് എത്തിയവർ ഉപയോഗിച്ച വാഹനമാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
ഗഗൻപ്രീത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. സുഖ്ജീതിന് കാനഡയിൽ പരിമിതമായ ബന്ധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട ഗഗൻപ്രീത് സിങ് പഞ്ചാബ് സ്വദേശിയാണ്. എന്നാൽ സ്വദേശത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

