Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരണ്ട് കപ്പലുകൾ റാഞ്ചി,...

രണ്ട് കപ്പലുകൾ റാഞ്ചി, 22 ഇന്ത്യക്കാർ കടൽകൊള്ളക്കാരുടെ പിടിയിൽ; യമൻ-സോമാലിയ മേഖലയിലാണ് സംഭവം

text_fields
bookmark_border
ship hijack
cancel
camera_alt

പ്രതീകാത്മക ചിത്രം

മൊഗാദിശു: ആഫ്രിക്കൻ ഹോൺ തീരത്തെ കടലിൽ സമുദ്രകൊള്ള വീണ്ടും ശക്തമാകുന്നു. 22 ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ചിരുന്ന രണ്ട് വാണിജ്യ കപ്പലുകൾ യമനും സോമാലിയക്കും സമീപമുള്ള കടലിൽ വെച്ച് കടൽകൊള്ളക്കാർ തട്ടിയെടുത്തതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യു.കെ.എം.ടി.ഒ) അറിയിച്ചു.

യമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ വെച്ചാണ് ആദ്യ സംഭവം നടന്നത്. എറിട്രിയയുടെ പതാകയേന്തിയ 'എം.ടി. സിബു 1' എന്ന എണ്ണക്കപ്പലാണ് ആയുധധാരികളായ ആറ് കടൽകൊള്ളക്കാരുടെ സംഘം പിടിച്ചെടുത്തത്. ഏദൻ ഉൾക്കടലിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന കപ്പൽ, തങ്ങളെ അപരിചിതമായ ഒരു കപ്പൽ സമീപിക്കുന്നതായി കാണിച്ചുകൊണ്ട് അടിയന്തര സന്ദേശം അയച്ചിരുന്നു. കപ്പലിൽ അതിക്രമിച്ചുകയറിയ ആറ് ആയുധധാരികൾ കപ്പലിന്റെ നിയന്ത്രണം പൂർണമായും ഏറ്റെടുക്കുകയും സോമാലിയയിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തതായി യു.കെ.എം.ടി.ഒ വ്യക്തമാക്കി.

കപ്പലിലുണ്ടായിരുന്ന ആകെ 20 ജീവനക്കാർ സുരക്ഷിതരാണെന്നാണ് മാരിടൈം അഡ്മിനിസ്ട്രേഷൻ ഡയറക്ടറേറ്റിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ കപ്പലിന്റെയും ജീവനക്കാരുടെയും നിലവിലെ അവസ്ഥ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഈ കപ്പലിൽ 16 ഇന്ത്യൻ പൗരന്മാരെ കൂടാതെ ഒരു സിറിയൻ, ഒരു സുഡാനി, ഒരു ഇറാഖി പൗരനും ഉൾപ്പെടുന്നു. മറ്റൊരു ജീവനക്കാരന്റെ ദേശീയത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എസ്.കെ.എസ് കൃഷിവ് മറൈൻ സർവീസസ് എന്ന സ്ഥാപനമാണ് ഇതിലെ നാല് ജീവനക്കാരെ ജോലിക്കായി തിരഞ്ഞെടുത്തത്. സംഭവത്തെത്തുടർന്ന് ബന്ധപ്പെട്ട ഏജൻസികളോട് ഇ-നാവിക് ഓൺലൈൻ മറൈൻ കാഷ്വൽറ്റി റിപ്പോർട്ടിങള സിസ്റ്റം വഴി വിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സോമാലിയയിലെ പുണ്ട്‌ലാൻഡ് തീരത്തുവെച്ചാണ് രണ്ടാമത്തെ കപ്പൽ റാഞ്ചപ്പെട്ടത്. തിങ്കളാഴ്ചയാണ് കാമറൂൺ പതാകയേന്തിയ 'എം/വി ലുട്ടുഫ്' എന്ന ചരക്കുകപ്പൽ കടൽകൊള്ളക്കാർ പിടിച്ചെടുത്തത്. ഈ കപ്പലിൽ ആറ് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 10 ജീവനക്കാരുണ്ട്. ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാർ എന്നിവരും സംഘത്തിലുണ്ട്.

പോളാർ മൂവ്‌മെന്റ് ഷിപ്പിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈ കപ്പലിൽ, മൊഗാദിഷുവിലെ തുർക്കിയ സൈനിക പരിശീലന കേന്ദ്രത്തിലേക്കുള്ള ആയുധങ്ങളും വാർത്താവിനിമയ സാമഗ്രികളും സാറ്റലൈറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നുവെന്ന് സോമാലിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഏദൻ ഉൾക്കടലിലും സോമാലിയൻ തീരത്തും തുടർച്ചയായി നടക്കുന്ന ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിലും സമുദ്ര സുരക്ഷാ രംഗത്തും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ ഈ മേഖലകളിൽ നിരീക്ഷണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും കൊള്ളക്കാരുടെ സാന്നിധ്യം വെല്ലുവിളിയാവുകയാണ്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 'എം/വി സ്വാർഡ്' കപ്പൽ റാഞ്ചിയ സംഘത്തിൽപ്പെട്ടവരാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. എട്ട് കൊള്ളക്കാരുടെ സംഘമാണ് ലുട്ടുഫ് കപ്പൽ പുണ്ട്‌ലാൻഡിലെ ഗർമാൽ തീരത്തേക്ക് കൊണ്ടുപോയത്. കപ്പലിന്റെയും ജീവനക്കാരുടെയും ആയുധങ്ങളുടെയും നിലവിലെ സുരക്ഷാ അവസ്ഥ ഇപ്പോഴും അവ്യക്തമായി തുടരുന്നു. അതേസമയം തുർക്കിയ അധികാരികൾ ഈ സംഭവത്തിൽ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹോൺ ഓഫ് ആഫ്രിക്കൻ സമുദ്രമേഖലയിൽ നാവികസേനയുടെ പട്രോളിങും സുരക്ഷാ കാവലും ശക്തമാണെങ്കിലും, തുടർച്ചയായി നടക്കുന്ന ഈ കപ്പൽ റാഞ്ചലുകൾ ആഗോള ചരക്കുനീചത്തിനും കപ്പൽ ജീവനക്കാരുടെ സുരക്ഷക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക പാതകളിലൊന്നിലാണ് ഈ കപ്പൽ റാഞ്ചൽ നടന്നിരിക്കുന്നത്. ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കും സൂയസ് കനാലിലേക്കും പ്രവേശിക്കുന്ന ഈ മേഖല, ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും നിർണായകമായ സമുദ്രപാതയാണ്. ആഗോള വാണിജ്യത്തിന്റെ വലിയൊരു ഭാഗം ഇതുവഴിയാണ് കടന്നുപോകുന്നത്. 2000-കളിൽ സോമാലിയൻ തീരത്ത് അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ഭീഷണി ഉയർത്തിയിരുന്ന കടൽകൊള്ള, പിന്നീട് കർശന സുരക്ഷാ നടപടികളിലൂടെ നിയന്ത്രിക്കപ്പെട്ടിരുന്നു.

എന്നാൽ ഈ വർഷം ഏപ്രിൽ മുതൽ ഈ മേഖലയിൽ കൊള്ളസംഘങ്ങൾ വീണ്ടും സജീവമാകുന്ന ആശങ്കാജനകമായ കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചെങ്കടലിലെയും ഹുർമുസ് കടലിടുക്കിലെയും മറ്റ് സംഘർഷങ്ങൾ കാരണം നാവികസേനകൾ പലയിടത്തും ചിതറിപ്പോയതും, അന്താരാഷ്ട്ര കപ്പലുകൾ സുരക്ഷക്കായി സോമാലിയൻ തീരത്തോട് അടുത്ത് സഞ്ചരിക്കുന്നതും കൊള്ളക്കാർക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഈ സമുദ്ര സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, ചരക്കുനീക്ക പാതകൾ സംരക്ഷിക്കുന്നതിനായി യമൻ പുതിയൊരു 'ദേശീയ സമുദ്ര സുരക്ഷാ സമിതി' രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഗൾഫ് ഓഫ് ഏദൻ, ചെങ്കടൽ, ബാബുൽ മന്ദബ് കടലിടുക്ക് എന്നിവിടങ്ങളിലെ നാവിഗേഷൻ കൂടുതൽ സുരക്ഷിതമാക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം. ഹൂതികളുടെ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ സമുദ്രമേഖലയിലുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാനും കപ്പലുകൾക്ക് സുരക്ഷിതമായ യാത്രാനുഭവം ഉറപ്പാക്കാനുമാണ് ഈ പുതിയ നീക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:somaliaafricapiratesIndian Sailorsship hijacked
News Summary - Two vessels with 22 Indians on board hijacked by pirates near Yemen, Somalia
Next Story