ഇന്ത്യൻ വംശജരായ രണ്ട് ശാസ്ത്രജ്ഞർക്ക് അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി
text_fieldsഅശോക് ഗാഡ്കിൽ, സുബ്ര സുരേഷ്
വാഷിങ്ടൺ: രണ്ട് ഇന്തോ-യു.എസ് ശാസ്ത്രജ്ഞർക്ക് അമേരിക്കയുടെ പരമോന്നത ശാസ്ത്ര ബഹുമതി. അശോക് ഗാഡ്കിൽ, സുബ്ര സുരേഷ് എന്നിവർക്കാണ് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ അവാർഡ് ആണ് ലഭിച്ചത്. സാങ്കേതിക നേട്ടത്തിനുള്ള ഏറ്റവും ഉയർന്ന ബഹുമതിയാണിത്.
കാലിഫോണിയ യൂനിവേഴ്സിറ്റിയിലെ പ്രഫസറും ലോറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയിലെ മുതിർന്ന ശാസ്ത്രജ്ഞനുമാണ് അശോക് ഗാഡ്കിൽ. സുസ്ഥിര വികസന മേഖലയിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം. വികസ്വര രാജ്യങ്ങളിൽ ശുദ്ധജല ലഭ്യത, ഊർജ കാര്യക്ഷമത, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലാണ് ഗാഡ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മുംബൈയിൽ ജനിച്ച ഗാഡ്കിൽ മുംബൈ യൂനിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ബിരുദവും കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിഫോണിയ യൂനിവേഴ്സിറ്റിയിൽ നിന്നും ലോറൻസ് ബെർക്ക്‌ലി നാഷണൽ ലബോറട്ടറിയിൽ നിന്നും എം.എസ്.സിയും പി.എച്ച്.ഡിയും കരസ്ഥമാക്കി.
ഇന്ത്യൻ വംശജനായ അമേരിക്കൻ ബയോ എഞ്ചിനീയർ, മെറ്റീരിയൽ സയന്റിസ്റ്റ്, അക്കാദമിക് വിദഗ്ധനുമാണ് സുബ്ര സുരേഷ്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മുൻ ഡീനും പ്രഫസർ എമിരിറ്റസും ആണ്. എൻജിനീയറിങ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസസ്, മെഡിസിൻ എന്നിവയിലാണ് അദ്ദേഹത്തിന്‍റെ ഗവേഷണം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഞ്ച് സ്കൂളുകളിൽ ഒന്നിനെ നയിച്ച ആദ്യ ഏഷ്യൻ പ്രഫസറാണ് സുബ്ര.
അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും കേംബ്രിഡ്ജിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പി.എച്ച്.ഡിയും സുബ്ര നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

