ടോക്യോ: കൊറോണ വാക്സിനായ മോഡേണ സ്വീകരിച്ച രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ ഞെട്ടി ജപ്പാൻ. രണ്ടാം ഡോസ് സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് രണ്ടു പേരും മരിച്ചതെന്ന് ജപ്പാൻ ആരോമ്യ മന്ത്രാലയം അറിയിച്ചു. ശരീരത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്ത് മോഡേണ വാക്സിൻ ഉപയോഗം തത്കാലം നിർത്തിവെച്ചിരുന്നു. 863 വാക്സിൻ കേന്ദ്രങ്ങൾക്കയച്ച 16.3 ലക്ഷം മോഡേണ വാക്സിനുകളാണ് ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയത്.
വാക്സിൻ കാരണമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് മോഡേണ കമ്പനിയും ജപ്പാനിലെ ഉൽപാദകരായ ടാകിഡയും പറഞ്ഞു. ഔദ്യോഗിക അന്വേഷണം ആവശ്യമാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.
സംഭവത്തിൽ സർക്കാർ അേന്വഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന വിദഗ്ധ പരിശോധനകളിൽ മോഡേണ വാക്സിനുകളിൽ ലോഹ വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു.
രാജ്യത്ത് ഫൈസർ വാക്സിൻ സ്വീകരിച്ച നിരവധി പേരുടെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, നടത്തിയ പരിശോധനകളിൽ വാക്സിനുമായി ബന്ധം സ്ഥിരീകരിച്ചിട്ടില്ല.