ഹോങ്കോങ്ങിൽ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ പതിച്ചു; രണ്ട് മരണം
text_fieldsഹോങ്കോങ്: ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ പതിച്ചു. അപകടത്തിൽ എയർപോർട്ട് സുരക്ഷാ വിഭാഗത്തിലെ രണ്ട് ജീവനക്കാർ മരിച്ചു. ദുബായിൽ നിന്ന് വന്ന എമിറേറ്റ്‌സ് സ്‌കൈകാർഗോയുടെ EK9788 ഫ്‌ളൈറ്റ് നമ്പറിൽ തുർക്കിഷ് കാരിയറായ എയർ എ.സി.ടി ഓപ്പറേറ്റ് ചെയ്തിരുന്ന ബോയിങ് 747 കാർഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3:50 ഓടെയായിരുന്നു സംഭവം.
നോർത്ത് റൺവേയിൽ ലാൻഡ് ചെയ്ത ഉടൻ വിമാനം നിയന്ത്രണം വിട്ട് ഇടത്തേക്ക് തെന്നിമാറി വിമാനത്താവളത്തിന്‍റെ കടൽഭിത്തിക്ക് സമീപമുള്ള വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം വിമാനത്താവളത്തിലെ ഒരു സുരക്ഷാ പട്രോളിങ് വാഹനത്തെ ഇടിക്കുകയും, ഈ വാഹനം വെള്ളത്തിലേക്ക് തെറിച്ച് പോവുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന രണ്ട് എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫുകളാണ് മരിച്ചത്. ഇവരെ രക്ഷാപ്രവർത്തകർ വെള്ളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ നോർത്ത് ലാന്‍റോ ആശുപത്രിയിലും വെച്ചുമാണ് മരിച്ചത്. വിമാനത്തിലെ നാല് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇവർക്ക് കാര്യമായ പരിക്കുകളില്ല.
ഇതേ തുടർന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകൾ താറുമാറായി. അപകടത്തെ തുടർന്ന് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നോർത്ത് റൺവേ താൽക്കാലികമായി അടച്ചു. കുറഞ്ഞത് 11 ചരക്ക് വിമാനങ്ങളെങ്കിലും റദ്ദാക്കിയതായി എയർപോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് അറിയിച്ചു. വിമാനത്താവളത്തിന് സൗത്ത്, സെൻട്രൽ റൺവേകൾ ഉള്ളതിനാൽ മറ്റ് വിമാന സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. റൺവേയുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി, വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ പൂർണമായും മാറ്റിയശേഷം മാത്രമേ നോർത്ത് റൺവേ തുറന്നു കൊടുക്കുകയുള്ളൂ.
വിമാനത്തിന്‍റെ കോക്ക്പിറ്റ് ഉൾപ്പെടെയുള്ള മുൻഭാഗം കടൽഭിത്തിക്ക് മുകളിലായി കാണാമെങ്കിലും വിമാനത്തിന്‍റെ പിൻഭാഗം തകർന്ന് കടലിൽ മുങ്ങിയ നിലയിലാണുള്ളത്. സംഭവത്തിൽ ഹോങ്കോങ്ങിലെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്‍റ് എയർ ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറും കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കാലാവസ്ഥ, റൺവേയുടെ അവസ്ഥ, വിമാനത്തിന്‍റെ സാങ്കേതിക തകരാറുകൾ തുടങ്ങിയ എല്ലാ ഘടകങ്ങളും അന്വേഷണ പരിധിയിൽ വരുമെന്നും അധികൃകർ അറിയിച്ചിട്ടുണ്ട്.
1999ന് ശേഷം ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ അപകടമാണിത്. പഴയ കായ് ടാക് വിമാനത്താവളത്തിൽ ഇതിലും വലിയ അപകടങ്ങൾ മുമ്പ് സംഭവിച്ചിട്ടുണ്ട്. എന്നാൽ പുതിയ വിമാനത്താവളത്തെ സംബന്ധിച്ച് ഇതൊരു വലിയ സുരക്ഷാ വെല്ലുവിളിയാണ്. ചൈന എയർലൈൻസ് ഫ്ലൈറ്റ് 642 1999 ഓഗസ്റ്റ് 22നാണ് അപകടത്തിൽപ്പെട്ടത്. ടൈഫൂൺ ചുഴലികാറ്റ് ആഞ്ഞുവീശുന്നതിനിടയിൽ ലാൻഡ് ചെയ്യുന്നതിനിടെയിലാണ് MD-11 യാത്രാവിമാനം റൺവേയിൽവെച്ച് തകർന്ന് തലകീഴായി മറിഞ്ഞത്. സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചു. 312 പേർ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

