8ഉം 11ഉം വയസ്സുള്ള സഹോദരങ്ങളെ ഡ്രോൺ അയച്ച് കൊന്നു; യെല്ലോ ലൈൻ കടന്നതിനാൽ ‘ഭീഷണി ഇല്ലാതാക്കി’യെന്ന് ഇസ്രായേലിന്‍റെ ന്യായീകരണം
text_fieldsഗസ്സ സിറ്റി: ഗസ്സ വെടിനിർത്തലിൽ തീരുമാനിക്കപ്പെട്ട അതിർത്തി കടന്നെന്ന് ആരോപിച്ച് വ്യത്യസ്ത സംഭവങ്ങളിലായി സഹോദരങ്ങളായ കുഞ്ഞുങ്ങളടക്കം മൂന്ന് ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ. ഖാൻ യൂനിസിന്റെ പ്രാന്തപ്രദേശത്തുള്ള ബനി സുഹൈലയിലാണ് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ക്രൂര കൊലപാതകം നടത്തിയത്. 11കാരൻ ജുമാ, എട്ടു വയസ്സുകാരൻ ഫാദി അബു ആസി എന്നിവരാണ് കൊല്ലപ്പെട്ട സഹോദരങ്ങളെന്ന് തിരിച്ചറിഞ്ഞു.
ഖാൻ യൂനിസ് പ്രദേശത്ത് അതിർത്തി കടന്ന് ‘സംശയാസ്പദമായ പ്രവർത്തനം’ നടത്തുകയും ‘ഭീഷണി ഉയർത്തുന്ന രീതിയിൽ’ പെരുമാറുകയും ചെയ്ത രണ്ട് ‘പ്രതികളെ’ കെഫിർ ബ്രിഗേഡിലെ സൈനികർ തിരിച്ചറിഞ്ഞ് വ്യോമാക്രമണം നടത്തി എന്നാണ് ഐ.ഡി.എഫ് പുറത്തിറക്കിയ പ്രസ്താവന. ‘ഭീഷണി ഇല്ലാതാക്കാൻ’ വ്യോമസേന അവരെ ആക്രമിച്ച് കൊലപ്പെടുത്തി എന്ന് സൈന്യം അറിയിച്ചു.
أب فلسطيني مصاب على كرسي متحرك يحمل جثماني طفليه الاثنين اللذين قتلا في قصف من مسيرة إسرائيلية استهدفتهما خلال تواجدهما في مدرسة الفارابي ببلدة بني سهيلا شرق مدينة خان يونس#الحدث #قناة_الحدث pic.twitter.com/nhZTVtS5EH
— ا لـحـدث (@AlHadath) November 29, 2025
നേരത്തെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ് വീൽചെയറിൽ കഴിയുകയാണ് ജുമായുടെയും ഫാദിയുടെയും പിതാവ്. ഇദ്ദേഹത്തെ സഹായിക്കാനായി വിറക് ശേഖരിക്കാന്‍ പോയതായിരുന്നു കുട്ടികൾ. ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ, ബന്ദി കൈമാറ്റ കരാറിന്‍റെ ഭാഗമായി ഒക്ടോബർ 10ന് ഐ.ഡി.എഫ് പിൻവാങ്ങിയ യെല്ലോ ലൈനിന്‍റെ ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഭാഗത്താണ് ബനി സുഹൈല സ്ഥിതി ചെയ്യുന്നത്.
കൈകൾ ഉയർത്തി മുട്ടിൽ ഇഴഞ്ഞെത്തിയ ഫലസ്തീനികളെ തിരിഞ്ഞു നടക്കാൻ പറഞ്ഞ് പിറകിൽ നിന്നും വെടിവെച്ച് കൊല്ലുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 26 വയസുള്ള അൽ-മുൻതാസിർ ബില്ല അബ്ദുള്ളയും 37കാരൻ യൂസഫ് അസസയുമാണെന്ന് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് പുതിയ സംഭവം.
അതേസമയം, വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം ആക്രമണം തുടരുകയാണ്. വ്യാപക നാശം വിതച്ച് ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളിൽ 200 ലധികം ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 78 പേർക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമായി വന്നുവെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. നാലു ദിവസത്തിനിടെ ഐ.ഡി.എഫ് 200 ഫലസ്തീനികളെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ഖൽഖില്യയിൽ പുലർച്ചെ അറസ്റ്റു ചെയ്ത അഞ്ച് പേരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെട്ടതായി വഫ വാർത്താ ഏജൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

