Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെനിസ്വേലയെ വിറപ്പിച്ച് ഇരട്ട ഭൂചലനം: കെട്ടിടങ്ങൾ തകർന്നു, മരണസംഖ്യ പതിനായിരം കടന്നേക്കുമെന്ന് മുന്നറിയിപ്പ്

text_fields
bookmark_border
രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
വെനിസ്വേലയെ വിറപ്പിച്ച് ഇരട്ട ഭൂചലനം: കെട്ടിടങ്ങൾ തകർന്നു, മരണസംഖ്യ പതിനായിരം കടന്നേക്കുമെന്ന് മുന്നറിയിപ്പ്
cancel

കറാക്കസ്: വെനിസ്വേലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കറാക്കസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങൾ. മരണസംഖ്യ പതിനായിരം മുതൽ ഒരു ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകി. റിക്ടർ സ്കെയിലിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളെത്തുടർന്ന് കരീബിയൻ മേഖലയിലെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അമേരിക്കൻ ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം, ബുധനാഴ്ച വൈകിട്ടാണ് ആദ്യ ഭൂചലനം ഉണ്ടായത്. മോറോൺ തീരദേശത്തിന് പടിഞ്ഞാറ് മോൺടാൽബാനിന് സമീപമായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. തൊട്ടുപിന്നാലെ 7.5 തീവ്രതയുള്ള രണ്ടാമത്തെ വലിയ ഭൂചലനം കൂടി ഉണ്ടാവുകയായിരുന്നു. കറാക്കസ്, മിറാൻഡ, ട്രൂജില്ലോ, കരാബോബോ, ലാ ഗുവായറ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്. രണ്ടാമത്തെ ഭൂചലനം കൂടി ഉണ്ടായതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.

കറാക്കസിലെ അൽതാമിറ മേഖലയിൽ 22 നിലകളുള്ള കെട്ടിടം ഉൾപ്പെടെ തകർന്നുവീണു. അടിയന്തര സേവന വിഭാഗങ്ങൾ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെങ്കിലും തകർന്ന റോഡുകളും ഗതാഗത തടസ്സങ്ങളും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ചക്കാവോ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ നിരവധി പേർ മരിച്ചതായി മേയർ ഗുസ്താവോ ഡ്യൂക്ക് സായെസ് സ്ഥിരീകരിച്ചു. എന്നാൽ, ഔദ്യോഗിക കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.


സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട അവധി ദിവസമായതിനാൽ മിക്കവരും വീടുകളിലായിരുന്നു. പെട്ടെന്നുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. 1812ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭൂകമ്പ ദുരന്തമാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥിതി അതീവ ഗുരുതരമായതിനെത്തുടർന്ന് വെനിസ്വേലയിൽ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പരിക്കേറ്റവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കറാക്കസിലെ ഹോസ്പിറ്റൽ ഡി ക്ലിനിക്കസിൽ അധിക ജീവനക്കാരെ നിയോഗിച്ചു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ വീണും സീലിങ് പാളികൾ തകർന്നും ആശുപത്രിയുടെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വെനിസ്വേലയുടെ പ്രധാന വിമാനത്താവളത്തിലും ലാ ഗുവായറ തീരദേശ നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് പോകരുതെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും വെനിസ്വേലൻ ആഭ്യന്തര മന്ത്രി ഡിയോസ്‌ഡാഡോ കബെല്ലോ ജനങ്ങളോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തകർക്ക് എളുപ്പത്തിൽ കടന്നുപോകാൻ റോഡുകളിൽ വാഹനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.


വെനിസ്വേലക്ക് പുറമെ അരുബ, ബോണെയർ എന്നിവിടങ്ങളിലും സുനാമി ഭീഷണിയുണ്ട്. പ്യൂർട്ടോ റിക്കോ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അയൽരാജ്യമായ കൊളംബിയയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. അടിയന്തര സേവന വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

ദുരന്തത്തിൽപ്പെട്ട വെനിസ്വേലക്ക് എല്ലാവിധ സാങ്കേതിക, പ്രവർത്തന സഹായങ്ങളും നൽകാൻ സന്നദ്ധമാണെന്ന് കൊളംബിയ അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ സജ്ജമാക്കിയതായി കൊളംബിയയിലെ ഡിസ്ട്രിക്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസ്ക് മാനേജ്മെന്റ് അറിയിച്ചു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two Back-To-Back Powerful Earthquakes Hit Venezuela, Buildings Collapse In Caracas
Next Story