ഇലോൺ മസ്ക് ട്വിറ്റർ വാങ്ങുന്നതിൽനിന്ന് പിന്മാറുകയാണോ? ട്വിറ്റർ ഏറ്റെടുക്കാനുള്ള ഇടപാട് നിർത്തിവെച്ചതായുള്ള ടെസ്ല സി.ഇ.ഒയുടെ ട്വീറ്റാണ് ചർച്ചകൾക്ക് വഴിവെച്ചത്. വിശ്വ സമ്പന്നനായ മസ്ക് കഴിഞ്ഞമാസമാണ് 3.67 ലക്ഷം കോടി രൂപക്ക് ട്വിറ്റർ ഏറ്റെടുക്കുമെന്ന് അറിയിച്ചത്.
ട്വിറ്ററിന്‍റെ മൊത്തം അക്കൗണ്ടുകളിൽ അഞ്ചു ശതമാനത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകളെന്ന കമ്പനിയുടെ അവകാശവാദത്തിന് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നതുവരെ ഇടപാട് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതായാണ് മസ്ക് ട്വീറ്റ് ചെയ്തത്. ട്വിറ്റർ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുക എന്നുള്ളതാണ് തന്റെ പ്രാഥമിക ലക്ഷ്യം എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാൽ മൊത്തം ട്വിറ്റർ ഉപയോക്താക്കളിൽ അഞ്ചു ശതമാനത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകളെന്ന് ട്വിറ്റർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു.
ഈ കണക്കുകളിൽ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുന്നതായാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. എന്നാൽ, മസ്കിന്‍റെ ട്വീറ്റ് ഗൗരവമുള്ളതാണോ, അതോ തമാശയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ഏതാനും ആഴ്ചകളായി മസ്കിന്‍റെ ട്വീറ്റ് ഇത്തരത്തിലാണ്.
ട്വീറ്റിനു പിന്നാലെ കമ്പനിയുടെ ഓഹരികൾ 17.7 ശതമാനം ഇടിഞ്ഞു. മസ്ക് ട്വിറ്റർ ഇടപാട് വെളിപ്പെടുത്തിയതിനു പിന്നാലെ ആദ്യമായാണ് ഓഹരി ഇടിയുന്നത്. മസ്കിന്‍റെ ട്വീറ്റിനോട് ഇതുവരെ കമ്പനി പ്രതികരിച്ചിട്ടില്ല.