നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ട് പോയ 24 പേരെ വിട്ടയച്ചു
text_fieldsആയുധധാരികൾ ആക്രമിച്ച നൈജീരിയയിലെ ഹോസ്റ്റൽ മുറി
അബുജ: കെബ്ബിയിലെ മാഗ പട്ടണത്തിലെ സെക്കൻഡറി സ്കൂളിൽ നിന്നും തട്ടിക്കൊണ്ട് പോയ വിദ്യാർഥികളിൽ 24 പേരെ വിട്ടയച്ചതായി പ്രസിഡന്റ് സ്ഥിരീകരിച്ചു. വിട്ടയക്കപ്പെട്ട വിദ്യാർഥികളെ സ്വീകരിച്ച പ്രസിഡന്റ് ബോല തിനുബു ബാക്കിയുള്ളവരെ കൂടെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രക്ഷാപ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നവംബർ 17 നാണ് സ്കൂളിലെ 25 വിദ്യാർഥികളെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് പിന്നാലെ ഒരു കുട്ടി അതേദിവസം തന്നെ രക്ഷപ്പെട്ടിരുന്നു. ബാക്കി വരുന്ന 24 പേരെയാണ് ഇപ്പോൾ വിട്ടയച്ചത്.
വടക്കൻ നൈജീരിയയിൽ നിന്ന് മോചനദ്രവ്യം തേടിയുള്ള കൂട്ട തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്. സ്കൂളുകളെയും ഗ്രാമീണരെയും ലക്ഷ്യം വെച്ചുള്ള സായുധ സംഘങ്ങളുടെ ആക്രമണം പലപ്പോഴും പ്രാദേശിക സുരക്ഷാ സേനയെ കീഴടക്കാറുണ്ട്. കെബ്ബിയിലെ സ്കൂളിൽ നിന്നും സൈനികർ പിൻവാങ്ങിയതിന് തൊട്ടു പിന്നാലെയാണ് ആയുധധാരികൾ സ്കൂൾ പിടിച്ചെടുത്തത്. നൈജീരിയയിലെ ക്വാറയിലുള്ള ഗ്രാമത്തിൽ നിന്ന് സമാന രീതിയിൽ തോക്കുധാരികൾ സ്ത്രീകളെയും കുട്ടികളെയും പിടികൂടിയിരുന്നു.
ഇതിന് പുറമേ സമീപകാലത്തെ ഏറ്റവും വലിയ കൂട്ട തട്ടിക്കൊണ്ടുപോകലിൽ കത്തോലിക്കാ സ്കൂളിൽ നിന്നും 300ലധികം വിദ്യാർഥികളെയും ജീവനക്കാരെയും കാണാതായിരുന്നു. തങ്ങളുടെ കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ രംഗത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ട് പോയവർ ചെറിയ കുട്ടികളും ഉൾപ്പെട്ടതിനാൽ രക്ഷിതാക്കളുടെ ആശങ്ക വർധിക്കുകയാണ്. എന്നാൽ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടോ തട്ടിക്കൊണ്ട് പോകലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടോ ആരും ഇതു വരെ മുന്നോട്ട് വന്നിട്ടില്ല.
10നും 18നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോയതെന്നും ആക്രമണത്തിനിടെ 88 കുട്ടികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ പിടികൂടി. കുട്ടികളെ രക്ഷപ്പെടുത്താൻ പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് സ്കൂൾ വിദ്യാർഥികൾക്ക് നേരെയുള്ള അതിക്രമം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. മോചനദ്രവ്യം നൽകിയതിനുശേഷം മാത്രമാണ് പല കുട്ടികളെയും വിട്ടയച്ചത്.
നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകലുകൾ നടന്നത്. എന്നാൽ ആക്രമണങ്ങൾ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒരുപോലെയാണ് ബാധിച്ചത്. വടക്കൻ നൈജീരിയയിലെ പല ഹോട്ട്‌സ്‌പോട്ടുകളിലും അറസ്റ്റുകൾ അപൂർവമാണ്. തട്ടിക്കൊണ്ട് പോയവരെ തിരിച്ചുകിട്ടുന്നതിനായി മോചനദ്രവ്യം നൽകുന്നത് സാധാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

