വാർത്താ അവതരണത്തിനിടെ ശമ്പളം ലഭിച്ചില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് അവതാരകൻ; വൈറലായി ദൃശ്യങ്ങൾ
text_fieldsലുസാക: വാർത്താ അവതരണത്തിനിടെ ചാനൽ അധികൃതരെ ഞെട്ടിച്ച് ശമ്പളം ലഭിച്ചില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് അവതാരകൻ. സാംബിയയിലെ കെ.ബി.എൻ ടി.വിയിലെ അവതാരകൻ കബിൻഡ കലിമിനയാണ് അസാധാരണമായ രീതിയിൽ ചാനൽ അധികൃതരോട് പ്രതികരിച്ചത്.
ശനിയാഴ്ച രാത്രിയിലെ റൗണ്ട്അപ് ബുള്ളറ്റിനിൽ വളരെ സ്വാഭാവികമായ രീതിയിൽ തന്നെയാണ് അദ്ദേഹം വാർത്താ അവതരണം ആരംഭിച്ചത്. തലക്കെട്ടുകൾ വായിച്ച ശേഷം പെട്ടെന്ന് അദ്ദേഹം വാർത്ത അവതരണം നിർത്തിവെച്ചു.
'വാർത്താകൾക്കപ്പുറത്ത്, ലേഡീസ് ആന് ജെന്‍റിൽമാൻ.. ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും ശമ്പളം കിട്ടണം.' ഒരു ദീർഘനിശ്വാസമെടുത്തുകൊണ്ട് കലിമിന പറഞ്ഞു.
'നിർഭാഗ്യവശാൽ കെ.ബി.എൻ ഞങ്ങൾക്ക് ശമ്പളം തന്നിട്ടില്ല. ഷാരോണും ഞാനും അടക്കം ആർക്കും പണം നൽകിയിട്ടില്ല.' സഹപ്രവർത്തകരുടെ കൂടി പേരുകൾ പറഞ്ഞുകൊണ്ടായിരുന്നു പിന്നീട് അദ്ദേഹം സംസാരിച്ചത്. ഇതോടെ വാർത്താവതരണം കട്ടായി. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
അതേസമയം, കലിമിന മദ്യപിച്ചുകൊണ്ടാണ് വാർത്ത വായിച്ചതെന്ന് കെ.ബി.എൻ ടി.വി സി.ഇ.ഒ ആരോപിച്ചു. ചാനൽ ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കലിമിനക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യപിച്ചിരുന്നുവെങ്കിൽ അതേ ദിവസം കെ.ബി.എൻ ടി.വിയിൽ മൂന്ന് വാർത്തബുള്ളറ്റിനുകൾ തനിക്ക് എങ്ങനെയാണ് അവതരിപ്പിക്കാൻ കഴിയുക എന്നായിരുന്നു കലിമിനയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

