തുർക്കിയ പ്രസിഡന്റ് ഉർദുഗാന് ഒമാനിൽ ഉജ്ജ്വല സ്വീകരണം
text_fieldsതുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും സുൽത്താൻ ഹൈതം ബിൻ താരിഖും കൊട്ടാരത്തിേലക്കെത്തുന്നു
മസ്കത്ത്: തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തി. ബുധനാഴ്ചവൈകീട്ട് മസ്കത്തിലെത്തിയ ഉർദുഗാനെയും ഭാര്യ എമിൻ ഉർദുഗാനെയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ രാജവിമാനത്താവളത്തിൽ സ്വീകരിച്ചു. ഉർദുഗാന്റെ ആദ്യ ഒമാൻ സന്ദർശനമാണിത്. ഒമാനും തുർക്കിയയും തമ്മിലുള്ള ബന്ധം രാഷ്ട്രീയപരമായും സാമ്പത്തികപരമായും സാംസ്കാരികതലത്തിലും ദൃഢമാക്കാനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമഫലമായാണ് തുർക്കിയ പ്രസിഡന്റിന്റെ സന്ദർശനം.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ മസ്കത്ത് രാജവിമാനത്താവളത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിക്കുന്നു
തുടർന്ന്, സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്കത്തിലെ അൽ ആലം മഹലിൽ ഉർദുഗാനുമായി ഔദ്യോഗിക ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയും വിവിധ മേഖലകളിലായി സഹകരണം വിപുലീകരിക്കാനുള്ള മാർഗങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. കൂടിക്കാഴ്ചയുടെ ഭാഗമായി, ഒമാനും തുർക്കിയയും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ദീർഘകാല സൗഹൃദവും നേതാക്കൾ വിലയിരുത്തി.
ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ പരസ്പരഗുണത്തിന് സഹായകരമായ മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രസക്തിയും നേതാക്കൾ പങ്കുവെച്ചു. ഖത്തറിലെ സന്ദർശനത്തിനുശേഷമാണ് ഉർദുഗാൻ ഒമാനിലെത്തുന്നത്. നേരത്തെ, തുർക്കിയ പ്രസിഡന്റനെയും വഹിച്ചുള്ള പ്രത്യേക വിമാനം വ്യോമപരിധിയിൽ കടന്നതോടെ റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ യുദ്ധവിമാനങ്ങൾ സുൽത്താന്റെ വിമാനത്താവളത്തിലെത്തുംവരെ അകമ്പടിയേകി. വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിന് വിവിധ വകുപ്പുമന്ത്രിമാരും എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

