നെതന്യാഹുവിന്‍റേത് 'മനുഷ്യന്റെ അന്തസ്സിനെ ചവിട്ടിമെതിക്കുന്ന നയങ്ങൾ' - തുർക്കിയ; ജാരദ് കുഷ്നർ ഇസ്രായേലിലേക്ക്
text_fieldsകെയ്റോ: ഗാസയിൽ നിന്ന് ഫലസ്തീനികളെ പൂർണമായും പുറത്താക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ. നെതന്യാഹു 'മനുഷ്യന്റെ അന്തസ്സിനെ ചവിട്ടിമെതിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്' എന്നും ഫിദാൻ ചൂണ്ടിക്കാട്ടി.
ഇസ്രായേലിന്റെ ലക്ഷ്യം ഗാസയിൽ നിന്ന് എല്ലാ ഫലസ്തീനികളെയും പുറത്താക്കലാണെന്നും അന്താരാഷ്ട്രസമൂഹത്തിന്റെ നിർദേശങ്ങൾ പാലിക്കാൻ നെതന്യാഹുവിന് മേൽ സമ്മർദ്ദം ശക്തമാക്കണമെന്നും ഹകൻ ഫിദാൻ അഭ്യർഥിച്ചു. ഈജിപ്ഷ്യൻ നഗരമായ അൽ-അലമേനിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാസയിലെ നരഹത്യ അവസാനിപ്പിക്കുന്നതിനായി തുർക്കിയും ഈജിപ്തും ട്രംപിന്റെ പിന്തുണയുള്ള ഗാസ ബോർഡ് ഓഫ് പീസിൽ ചേർന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. നല്ലത് ചെയ്യാനായി, തങ്ങൾ ഒരുമിച്ചുവെന്നും ഇതിൽ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള "ബോർഡ് ഓഫ് പീസ്" പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും ചർച്ചാകാരനുമായ ജാരഡ് കുഷ്നർ അടുത്ത ആഴ്ച മിഡിൽ ഈസ്റ്റ് സന്ദർശിക്കും. ട്രംപ് ഭരണകൂടം അടുത്തിടെ പ്രഖ്യാപിച്ച കരാർ ഇസ്രായേലിന്റെ എതിർപ്പിനെത്തുടർന്ന് തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.കുഷ്നറും ബോർഡ് ഹൈ റെപ്രസെന്റേറ്റീവ് നിക്കോളായ് മ്ലാഡനോവും എക്സിക്യൂട്ടീവ് ബോർഡ് അംഗവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ടോണി ബ്ലെയറും ഓഗസ്റ്റ് 16, ഞായറാഴ്ച ഇസ്രായേലിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഹമാസ് ആയുധം ഉപേക്ഷിക്കുകയും ഇസ്രായേൽ ഫലസ്തീൻ പ്രദേശത്തുനിന്ന് പിന്മാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ട്രംപ് പ്രഖ്യാപിച്ച സമീപകാല കരാറിനെ ഇസ്രായേൽ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇത് ട്രംപ് ഭരണകൂടവുമായുള്ള അപൂർവ്വമായ പരസ്യമായ അഭിപ്രായവ്യത്യാസത്തിന് കാരണമായി. തങ്ങളുടെ ആയുധങ്ങൾ ഒഴിവാക്കാനുള്ള പദ്ധതി ഹമാസ് അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഹമാസ് പൂർണ്ണമായി നിരായുധീകരിക്കുന്നതുവരെ ഇസ്രായേൽ പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

